Sub Lead

കാനം ചക്രവർത്തിയെപ്പോലെ; കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ കൃഷി, റവന്യൂ, ക്ഷീര വകുപ്പ് മന്ത്രിമാർക്കും രൂക്ഷ വിമർശനം

ഈ ചിന്താഗതി പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ സമയത്ത് ഇല്ലായിരുന്നോ എന്നും ഇത് എൽഡിഎഫിന്റെ സുഖ-ദുഖങ്ങളല്ല മറിച്ച് കാനത്തിന്റെ സ്വന്തം സുഖ-ദുഖങ്ങളാണോ എന്നും പ്രവർത്തന റിപോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് നാദാപുരം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.

കാനം ചക്രവർത്തിയെപ്പോലെ; കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ കൃഷി, റവന്യൂ, ക്ഷീര വകുപ്പ് മന്ത്രിമാർക്കും രൂക്ഷ വിമർശനം
X

കോഴിക്കോട്: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൃഷി, റവന്യൂ, ക്ഷീരവികസന വകുപ്പ് മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനം. പ്രവർത്തന റിപോർട്ടിൽ സർക്കാരിനെതിരേയും വിമർശനമുയർന്നിരുന്നു. യുഎപിഎ ചുമത്തുന്നതിനെതിരേയും മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചതിനെതിരേയും കടുത്ത വിമർശനം പ്രവർത്തന റിപോർട്ടിൽ ഇടംപിടിച്ചു.


ഇടതു പക്ഷ സര്‍ക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാവോവാദി മുദ്ര ചാർത്തി വിദ്യാർഥികളെ അറസറ്റ് ചെയ്ത നടപടിയെന്നും അട്ടപ്പാടിയിലും വയനാട്ടിലും മാവോവാദികളെ വെടിവെച്ച് കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്നും സിപിഐ വിമര്‍ശിച്ചു. കെ-റെയിലിൽ ആലോചനകളില്ലാതെ എടുത്ത തിടുക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചേ മുന്നോട്ട് പോകാവൂ എന്നും സിപിഐ പ്രവർത്തന റിപോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രവർത്തന റിപോർട്ടിന്റെ മേലുള്ള ചർച്ചയിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്. കാനം രാജേന്ദ്രൻ ചക്രവർത്തിയെ പോലെയാണ് പെരുമാറുന്നത്. ആനി രാജയുടെ വിഷയത്തിൽ കാനം എടുത്ത നിലപാട് സിപിഎം വിധേയത്വത്തിന്റെ ഉദാഹരണമാണ്. പാർട്ടി സെക്രട്ടറിയായി ആറുവർഷം പൂർത്തീകരിക്കുമ്പോൾ പാർട്ടിയുടെ ആത്മാഭിമാനം നശിപ്പിച്ചു.


സർക്കാരിൻറെ സുഖ-ദുഖങ്ങൾ പങ്കിടാൻ സിപിഐ ഒറ്റക്കെട്ടായി നിൽക്കണം എന്നുള്ള കാനത്തിൻറെ പരാമർശത്തിനെതിരേയും വിമർശനം ഉയർന്നു. ഈ ചിന്താഗതി പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ സമയത്ത് ഇല്ലായിരുന്നോ എന്നും ഇത് എൽഡിഎഫിന്റെ സുഖ-ദുഖങ്ങളല്ല മറിച്ച് കാനത്തിന്റെ സ്വന്തം സുഖ-ദുഖങ്ങളാണോ എന്നും പ്രവർത്തന റിപോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുത്ത് നാദാപുരം മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.

റബ്ബർ ചെരുപ്പ് ഇട്ട് നടന്നാൽ ജനകീയനാവില്ലെന്നും വകുപ്പിൽ അഴിമതിയുടെ കുത്തൊഴുക്കാണെന്നും കൃഷി വകുപ്പ് മന്ത്രിക്കെതിരേ വിമർശനമുയർന്നിട്ടുണ്ട്. റവന്യൂ വകുപ്പ് മന്ത്രിക്കെതിരേയും രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്. റവന്യൂ മന്ത്രിക്ക് മീഡിയ മാനിയ ആണ്. സ്വന്തം വകുപ്പിൽ നടക്കുന്ന അഴിമതി അറിയാൻ പോലും മന്ത്രിക്ക് സമയമില്ലെന്ന് തിരുവമ്പാടിയിൽ നിന്നുള്ള പ്രതിനിധി ചർച്ചയിൽ ഉന്നയിച്ചു.

മർക്കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറിയും റവന്യൂ വകുപ്പ് മന്ത്രിയും പാർട്ടി നിലപാടിന് വിരുദ്ധമായാണ് പെരുമാറിയത്. തോട്ടം ഭൂമി തരംമാറ്റുന്നതിനെതിരേ പ്രാദേശിക ഘടകം നിലപാടെടുത്തപ്പോൾ ഇരുവരും ഇതിന് വിരുദ്ധമായി നിന്നു. നോളജ് സിറ്റി വിവാദം നിലനിൽക്കുമ്പോൾ ജില്ലാ കമ്മിറ്റിക്ക് പങ്കെടുക്കാനെത്തിയ കാനം രാജേന്ദ്രൻ കമ്മിറ്റിക്ക് പങ്കെടുക്കാതെ കാന്തപുരത്തെ പോയി കണ്ടത് സംശയാസ്പദമാണ്. കാനം വിശ്വാസ യോ​ഗ്യതയുള്ളാത്ത ആളായി മാറിയെന്നും പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.

Next Story

RELATED STORIES

Share it