Sub Lead

'പരിധിയില്ലാത്ത നാടകം': മിഷന്‍ ശക്തിക്കു പിന്നാലെ മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു സര്‍ക്കാരിന്റെ മറ്റൊരു പരിധിയില്ലാത്ത നാടകം കൂടിയെന്നാണ് മമതാ ബാനര്‍ജി, മോദിയുടെ പ്രഖ്യാപനത്തെ കളിയാക്കിയത്.

പരിധിയില്ലാത്ത നാടകം: മിഷന്‍ ശക്തിക്കു പിന്നാലെ മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷം;  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത
X

ന്യൂഡല്‍ഹി: ഉപഗ്രവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിച്ചെന്ന പ്രസ്താവനയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിശിത വിമര്‍ശനവുമായി പ്രതിപക്ഷം. മിസൈല്‍ പരീക്ഷണ വിജയ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിയാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്.


എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു സര്‍ക്കാരിന്റെ മറ്റൊരു പരിധിയില്ലാത്ത നാടകം കൂടിയെന്നാണ് മമതാ ബാനര്‍ജി മോദിയുടെ പ്രഖ്യാപനത്തെ കളിയാക്കിയത്.തിരക്ക് പിടിച്ച് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും മമത വ്യക്തമാക്കി.

പ്രതിരോധ ഗവേഷണ സംരഭമായ ഡിആര്‍ഡിഒയെ അഭിനന്ദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് സന്തോഷകരമായ ലോക നാടക ദിനം ആശംസിക്കുകയും ചെയ്തു.

പ്രഖ്യാപനം കേവലം രാഷ്ട്രീയനാടകം മാത്രമാണ്. രാജ്യത്തിന്റെ പുരോഗതി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ഉപയോഗിക്കുകയാണ്. ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് മോദി അടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്കാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടതെന്നും മമത പറഞ്ഞു.


ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നും ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നും മോദി അവകാശപ്പെട്ടിരുന്നു.

ഉപഗ്രഹങ്ങളെ വീഴ്ത്താന്‍ ശേഷിയുള്ള ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ നിഷ്‌ക്രിയമാക്കാന്‍ കഴിയുള്ള മിസൈല്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നു. മിഷന്‍ ശക്തി എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മൂന്നു മിനിറ്റിനകം എ സാറ്റ് എന്ന മിസൈല്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി.300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെയാണ് എ സാറ്റ് വീഴ്ത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണിതെന്നും മോദി വ്യക്തമാക്കിയിരുന്നു.

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പ് ഈ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യങ്ങള്‍ക്കെതിരെയും പ്രയോഗിക്കില്ലെന്ന് രാജ്യാന്തരസമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷക്കായും പ്രതിരോധ ആവശ്യങ്ങള്‍ക്കായുമാണ് ഇത് ഉപയോഗിക്കുക. ബഹിരാകാശത്ത് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരാണ് ഇന്ത്യ. എ സാറ്റ് മിസൈലിന്റെ പരീക്ഷണം ഒരു തരത്തിലുള്ള രാജ്യാന്തര നിയമങ്ങളോ ഉടമ്പടികളോ ലംഘിച്ചല്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it