Sub Lead

'ലൗ ജിഹാദ്' ആരോപണവുമായി ജോസ് കെ മാണി; എല്‍ഡിഎഫ് പ്രതിരോധത്തിലാവും

കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചുനിന്നു. കൃത്യമായ നിലപാടിന്റെ ഭാഗമാണ് 'ലൗ ജിഹാദ്' വിവാദം ജോസ് കെ മാണി ഇപ്പോള്‍ ഏറ്റുപിടിക്കുന്നതെന്ന് അഭിമുഖത്തില്‍ വ്യക്തമാണ്.

ലൗ ജിഹാദ് ആരോപണവുമായി ജോസ് കെ മാണി; എല്‍ഡിഎഫ് പ്രതിരോധത്തിലാവും
X

പി സി അബ്ദുല്ല

കോട്ടയം: ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി 'ലൗ ജിഹാദ്' ആരോപണവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. 'ലൗ ജിഹാദ്' ആരോപണത്തെക്കുറിച്ച് സമൂഹത്തില്‍ ആശങ്കയുണ്ടെന്നും അതെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ജോസ് കെ മാണി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന് കോടതികളും പോലിസും സര്‍ക്കാരും വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചിട്ടും ജോസ് കെ മാണി ആരോപണത്തില്‍ ഉറച്ചുനിന്നു. കൃത്യമായ നിലപാടിന്റെ ഭാഗമാണ് 'ലൗ ജിഹാദ്' വിവാദം ജോസ് കെ മാണി ഇപ്പോള്‍ ഏറ്റുപിടിക്കുന്നതെന്ന് അഭിമുഖത്തില്‍ വ്യക്തമാണ്.

സംസ്ഥാനത്ത് 'ലൗ ജിഹാദ്' ഇല്ല എന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയ ശേഷവും സംശയം നിലനില്‍ക്കുന്നതിനാല്‍ പരിശോധന വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്. എല്‍ഡിഎഫില്‍നിന്ന് ഒരു ഘടകകക്ഷി 'ലൗ ജിഹാദ്' ആരോപണവുമായി പരസ്യമായി രംഗത്തുവരുന്നത് ഇതാദ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായിലടക്കം കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെയും സംഘപരിവാരത്തിന്റെയും വോട്ട് ഉറപ്പിക്കുകയാണ് 'ലൗ ജിഹാദ്' ആരോപണം വഴി ജോസ് കെ മാണിയുടെ ലക്ഷ്യം.

പാലായില്‍ ജോസ് കെ മാണിക്ക് സിപിഎം വോട്ടുകള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം പ്രാദേശിക നേതാക്കളുടെ ഫോണ്‍ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വന്നതോടെ സഭകള്‍ തദ്ദേശതിരഞ്ഞെടുപ്പിലെ പോലെ യുഡിഎഫ് വിരുദ്ധ പക്ഷത്തല്ലെന്ന സൂചനകളും പുറത്തുവന്നു. ഇതോടെയാണ് 'ലൗ ജിഹാദ്' ആരോപണം ഏറ്റുപിടിച്ച് വര്‍ഗീയധ്രുവീകരണമുണ്ടാക്കി വോട്ടുറപ്പിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്.

അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തെ ഒപ്പംനിര്‍ത്താന്‍ കഠിനപ്രയത്‌നം നടത്തുന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും ജോസ് കെ മാണിയുടെ നിലപാട് തിരിച്ചടിയാവും. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ മാണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അനുകൂലമാവുമെന്ന് കരുതിയ മുസ്‌ലിം വോട്ടുകളും മാറിമറിഞ്ഞേക്കും. ജോസ് കെ മാണിയുടെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമെന്നതിലും തര്‍ക്കമില്ല.

Next Story

RELATED STORIES

Share it