Sub Lead

വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിലെ മലയാളിയായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് കര്‍ണാടക പോലിസ്; വെടിവച്ച് കീഴ്‌പ്പെടുത്തി

വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിലെ മലയാളിയായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് കര്‍ണാടക പോലിസ്; വെടിവച്ച് കീഴ്‌പ്പെടുത്തി
X

ബംഗളൂരു: മൈസൂരുവില്‍ മലയാളി വ്യവസായിയുടെ കാര്‍ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയായ മലയാളി യുവാവ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവച്ച് കീഴ്‌പ്പെടുത്തിയെന്നും കര്‍ണാടക പോലിസ് അറിയിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആദര്‍ശിനാണ്(26) വെടിയേറ്റിരിക്കുന്നത്. ആദര്‍ശ് കുപ്പിചില്ലുകൊണ്ട് ആക്രമിച്ചതിനാല്‍ പരിക്കേറ്റ രണ്ടു പോലിസുകാര്‍ ആശുപത്രിയിലാണെന്നും എസ്പി വിഷ്ണുവര്‍ധന മാധ്യമങ്ങളോട് പറഞ്ഞു.


ജനുവരി 20നാണ് മൈസൂരുവിലെ ഗുജ്ജെഗൗഡാനപുരയില്‍ വച്ച് കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ കൊള്ളയടിച്ചത്. സംഭവത്തില്‍ ഗോപാല്‍പുരയില്‍ നിന്നാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വച്ച് മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കുപ്പി ചില്ലുകള്‍ ശേഖരിച്ചെന്നും ഇത് ഉപയോഗിച്ച് പോലിസുകാരെ ആക്രമിച്ചുവെന്നുമാണ് എസ്പി പറയുന്നത്. ഇതോടെ എസ്‌ഐ ശിവനഞ്ച ഷെട്ടി ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ആദര്‍ശ് കീഴടങ്ങിയില്ല. തുടര്‍ന്ന് എസ്‌ഐ ദീപക്ക്, ആദര്‍ശിന്റെ കാലില്‍ വെടിവയ്ക്കുകയായിരുന്നു. കുപ്പിചില്ല് ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ എസ്‌ഐ പ്രകാശിനെയും കോണ്‍സ്റ്റബിള്‍ ഹരീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യവസായിയെ ആക്രമിച്ച് വാഹനവും പണവുമായി കടന്ന കേസില്‍ ആദര്‍ശടക്കം മൂന്നു മലയാളികളെ കഴിഞ്ഞ ദിവസമാണ് മൈസൂരു പോലിസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് വിജേഷ് എന്നീ രണ്ടുപേരാണ് മറ്റു മലയാളികള്‍.

Next Story

RELATED STORIES

Share it