Sub Lead

7400 കോടിയുടെ സാമ്പത്തിക ക്രമക്കേട്; മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് കുറ്റക്കാരന്‍

മലേസ്യയുടെ പൊതുവികസന ഫണ്ടായ വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദില്‍ നിന്ന് 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (7400 കോടിരൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

7400 കോടിയുടെ സാമ്പത്തിക ക്രമക്കേട്; മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് കുറ്റക്കാരന്‍
X

ക്വലാലംപൂര്‍: ലോകത്തിലെ തന്നെ ഏറ്റവും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളില്‍ ഒന്നില്‍ മലേസ്യയുടെ മുന്‍പ്രധാനമന്ത്രി കുറ്റക്കാരനെന്ന് കോടതി. മലേസ്യയിലെ വിവാദമായ വണ്‍എംഡിബി കുംഭകോണത്തിലാണ് മുന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതോടെ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആദ്യ മലേസ്യന്‍ നേതാവായി നജീബ് റസാക്ക് മാറി. മലേസ്യയുടെ പൊതുവികസന ഫണ്ടായ വണ്‍ മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദില്‍ നിന്ന് 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (7400 കോടിരൂപ) തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും നജീബ് റസാക്ക് പ്രതികരിച്ചു. അധികാര ദുര്‍വിനിയോഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 67 വയസ്സുകാരനായ നജീബിനെതിരെ ചുമത്തിയത്. നജീബിന് എതിരെയുള്ള ഏഴ് കുറ്റങ്ങള്‍ കോടതി ശരിവച്ചു. ഇതേ വിഷയത്തില്‍ അഞ്ച് കേസുകളിലായി 42 കുറ്റങ്ങള്‍ നജീബിന് എതിരെ നിലനില്‍ക്കുന്നുണ്ട്.

മുന്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പതിറ്റാണ്ടുകളുടെ തടവും കനത്ത പിഴയും ഒടുക്കേണ്ടിവരും. കൂടാതെ ചാട്ടവാറടി ശിക്ഷയും ലഭിക്കും. എന്നാല്‍, നജീബിന്റെ പ്രായം കണക്കിലെടുത്ത് ചാട്ടവാറടി ഒഴിവാക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ പൊതുഫണ്ടിലേക്ക് പണം കണ്ടെത്താനായി ധനമന്ത്രിയുടെ കീഴില്‍ രൂപീകരിച്ച സര്‍ക്കാര്‍ ഏജന്‍സിയാണ് 1എംഡിബി. വിദേശങ്ങളില്‍ നേരിട്ട് നിക്ഷേപം നടത്തുകയും ആ പണം ഉപയോഗിച്ച് രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേക്കുള്ള പണമാണ് നജീബ് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത്. യുഎസ് അന്വേഷണ ഏജന്‍സികളുടെ കണക്കില്‍ ഏതാണ്ട് 7400 കോടിരൂപയോളം അഴിമതിയാണ് നടന്നിട്ടുള്ളത്.

അഴിമതി നടത്തിയ നജീബിന്റെ സഹായികള്‍ ഹോളിവുഡ് സിനിമ നിര്‍മ്മാണം, ആഢംബര യോട്ടുകള്‍, കലാസൃഷ്ടികള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടിയാണ് പണം ഉപയോഗിച്ചത്. നജീബിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 700 ദശലക്ഷം യുഎസ് ഡോളര്‍ എത്തിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. നജീബിന്റെ ഭാര്യയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിയുടെ ഭാഗമായെന്നാണ് കണ്ടെത്തല്‍.

മലേസ്യയിലെ ഏറ്റവുമധികം രാഷ്ട്രീയ പാരമ്പര്യവും സ്വാധീനവുമുള്ള കുടുംബമാണ് നജീബ് റസാഖിന്റേത്. വണ്‍എംഡിബിയെക്കുറിച്ചുള്ള ആരോപണങ്ങളെതുടര്‍ന്ന് 2018ല്‍ നജീബിന്റെ മലായ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തായിരുന്നു. നജീബിനെതിരേ ആദ്യം ശബ്ദമുയര്‍ത്തിയ ഉപപ്രധാനമന്ത്രി മുഹ്‌യുദ്ദീന്‍ യാസീന്‍ ആണ് ഇപ്പോള്‍ പ്രധാനമന്ത്രി.




Next Story

RELATED STORIES

Share it