Sub Lead

കാരണം ബോധിപ്പിച്ചാലേ രൂപേഷിനെതിരായ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കൂ: സുപ്രിംകോടതി

വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

കാരണം ബോധിപ്പിച്ചാലേ രൂപേഷിനെതിരായ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കൂ: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ ഹരജി കേരളം പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്ന് സുപ്രിംകോടതി. കാരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കൂ എന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാരണം അറിയിക്കുന്നതിന് വെള്ളിയാഴ്ച വരെ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി സമയം അനുവദിച്ചു.

വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് നേരത്തെ രൂപേഷിന് നോട്ടിസയച്ചിരുന്നു. എന്നാല്‍ പിന്നീട് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

ഈ അപേക്ഷ ഇന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. അപേക്ഷയില്‍ ഹരജി പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. രൂപേഷിന് എതിരായ കേസിലെ യുഎപിഎ ഹൈക്കോടതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. ഇത് വെറും നിയമവിഷയം മാത്രമാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഹരജി പിന്‍വലിക്കുന്നതിനുള്ള കാരണം തങ്ങള്‍ക്ക് അറിയണമെന്ന് ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഹാജരായത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണംചെയ്‌തെന്ന് ആരോപിച്ച് 2013-ല്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014-ല്‍ വളയം പോലിസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it