Sub Lead

മീഡിയവണ്‍ സംപ്രേഷണം പുനരാരംഭിച്ചു

മീഡിയവണ്‍ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു

മീഡിയവണ്‍ സംപ്രേഷണം പുനരാരംഭിച്ചു
X

കോഴിക്കോട്: മീഡിയവണ്‍ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്.

ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടാന്‍ പാടില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടിരുന്നു. രജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. അതേസമയം, സുരക്ഷാ കാരണം പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കല്‍ അപേക്ഷ നിരസിച്ച് ചാനല്‍ എന്നെന്നേക്കുമായി പൂട്ടികെട്ടുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സംപ്രേഷണം അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഇന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ചാനല്‍ കമ്പനിക്ക് കത്ത് നല്‍കിയത്.

മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡിന് 2011 സപ്തംബര്‍ 30നാണ് ചാനല്‍ ഓപ്പറേറ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് പ്രകാരമായിരുന്നു പത്തുവര്‍ഷത്തേക്കുള്ള അനുമതി. അതനുസരിച്ച് കമ്പനി 2021 മെയ് മാസം മൂന്നിന് ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കി.

2021 സപ്തംബര്‍ 30 മുതല്‍ പത്തുവര്‍ഷത്തേക്ക് അതായത് 2031 വരെ പുതുക്കാനുള്ള അപേക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കാന്‍ തയ്യാറായില്ലെന്നാണ് ഐ ആന്റ് ബി മന്ത്രാലയം സ്ഥാപത്തിന് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നത്.

അനുമതി റദ്ദു ചെയ്യാതിരിക്കാന്‍ എന്തെങ്കിലും ന്യായം പറയാനുണ്ടെങ്കില്‍ അത് വിശദീകരിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് ജനുവരി അഞ്ചാം തീയതി കമ്പനിക്ക് നല്‍കി. മീഡിയ വണ്‍ കമ്പനി ജനുവരി 19ന് ഈ കത്തിന് മറുപടിയും നല്‍കി. അനുമതി നിഷേധിക്കാന്‍ മാത്രമുള്ള എന്ത് സുരക്ഷാകാരണമാണ് കമ്പനിക്കെതിരായുള്ളത് എന്നത് അറിയുന്നില്ലെന്നും അതിനാല്‍ നീക്കം ഉപേക്ഷിക്കണമെന്നും കമ്പനിയുടെ മറുപടിയില്‍ പറഞ്ഞിരുന്നു.

ഈ മറുപടി പരിശോധിച്ചതായും സുരക്ഷാകാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടുള്ളതായതിനാല്‍ അവര്‍ അനുമതി നിഷേധിച്ചിരിക്കയാണെന്നും അതിനാല്‍ ചാനല്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമില്ലെന്നും ആണ് മറുപടിക്കത്തില്‍ അന്തിമമായി പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് അടിയന്തിരമായി ചാനല്‍ സംപ്രേഷണം നിര്‍ത്തണമെന്നുമാണ് ഇന്ന്(ജനുവരി 31ന്) നല്‍കിയ കത്തില്‍ ഐ.ആന്റ് ബി. മന്ത്രാലയം ആവശ്യപ്പെട്ടത്. അനുമതിയുള്ള ചാനലുകളുടെ പട്ടികയില്‍ നിന്നും മീഡിയ വണ്ണിനെ ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it