Sub Lead

പ്രിസൈഡിങ് ഓഫിസറെ മര്‍ദിച്ച ബിജെപി എംഎല്‍എക്കെതിരേ കേസെടുത്തു

പ്രിസൈഡിങ് ഓഫിസറെ മര്‍ദിച്ച ബിജെപി എംഎല്‍എക്കെതിരേ കേസെടുത്തു
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പോളിങ് ബൂത്തില്‍ വെച്ച് പ്രിസൈഡിങ് ഓഫിസറെ മര്‍ദിച്ച ബിജെപി എംഎല്‍എക്കെതിരേ കേസെടുത്തു. സര്‍ധാനയിലെ എംഎല്‍എ സംഗീത് സോമിനെതിരെയാണ് കേസെടുത്തത്.

മീററ്റ് ജില്ലയിലെ സലാവ ഗ്രാമത്തിലെ 131ആം നമ്പര്‍ ബൂത്തിലേക്ക് എംഎല്‍എയും അദ്ദേഹത്തിന്റെ അനുയായികളും ഇരച്ചുകയറുകയായിരുന്നു. ഫെബ്രുവരി 10ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. പുറത്ത് വോട്ടര്‍മാരുടെ നീണ്ടനിര കണ്ട് എംഎല്‍എ ക്ഷുഭിതനായെന്ന് പോലിസ് പറയുന്നു. വോട്ടെടുപ്പിലെ മെല്ലെപ്പോക്കിനെ ചൊല്ലി എംഎല്‍എ പ്രിസൈഡിങ് ഓഫീസര്‍ അശ്വിനി ശര്‍മയോട് തട്ടിക്കയറി. അതിനിടെയാണ് അശ്വിനി ശര്‍മയെ എംഎല്‍എ മര്‍ദിച്ചത്. എംഎല്‍എയുടെ അനുയായികള്‍ ബൂത്തിനകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നീക്കം ചെയ്തുവെന്നും പോലിസ് വിശദീകരിച്ചു.

'അശ്വിനി ശര്‍മ പരാതി നല്‍കുമെന്ന് കരുതി 10 മണിക്കൂര്‍ കാത്തുനിന്നു. അദ്ദേഹം പരാതി നല്‍കാന്‍ എത്തിയില്ല. തുടര്‍ന്ന് സര്‍ധാന പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ലക്ഷ്മണ്‍ വര്‍മ എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഞങ്ങള്‍ സംഭവം അന്വേഷിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടിയെടുക്കും' മീററ്റ് പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രഭാകര്‍ ചൗധരി പറഞ്ഞു.

എഫ്.ഐ.ആറിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാന്‍ പ്രിസൈഡിങ് ഓഫീസറോട് പോലിസ് ആവശ്യപ്പെട്ടു. പുതിയ എഫ്‌ഐആര്‍ പ്രകാരം സംഗീത് സോമിനെതിരായ കേസുകളുടെ എണ്ണം എട്ടായി. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2013ലെ മുസാഫര്‍നഗര്‍ കലാപക്കേസിലും എം.എല്‍.എ പ്രതിയായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം കോടതി ക്ലീന്‍ ചിറ്റ് നല്‍കി.

Next Story

RELATED STORIES

Share it