Sub Lead

ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിനും 'ബുള്‍ഡോസിങ്'; മുസ് ലിം യുവാവിന്റെ മൂന്ന് കടകളും വീടും അധികൃതര്‍ തകര്‍ത്തു

ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിനും ബുള്‍ഡോസിങ്;  മുസ് ലിം യുവാവിന്റെ മൂന്ന് കടകളും വീടും അധികൃതര്‍ തകര്‍ത്തു
X

ന്യൂഡല്‍ഹി: ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മുസ് ലിം യുവാവിന്റെ മൂന്ന് കടകളും കുടുംബ വീടും അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയിലാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവാവിന്റെ കടകളും പിതാവിന്റെ പേരിലുള്ള വീടും അധികൃതര്‍ തകര്‍ത്തത്. അതേസമയം, വിവാഹം പരസ്പര സമ്മതത്തോടെയാണെന്നും തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടപടിയെടുക്കരുതെന്നും മധ്യപ്രദേശ് ഹൈക്കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കി.

22 കാരിയായ സാക്ഷി സാഹു എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് നന്ദിത ദുബെ പോലിസിന് നിര്‍ദേശം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ആസിഫ് ഖാനെ വിവാഹം കഴിച്ചതെന്ന് സാക്ഷി സാഹു വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. ഏപ്രില്‍ ഏഴ് മുതല്‍ തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും സാക്ഷി സാഹു ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഇവര്‍ വിവാഹം കഴിച്ചതറിഞ്ഞ് സാക്ഷി സാഹുവിന്റെ സഹോദരനാണ് പോലിസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 366(സ്ത്രീയെ തട്ടിക്കൊണ്ട് പോകല്‍) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് ഡിന്‍ഡോരി ജില്ലാ ഭരണകൂടം ഖാന്റെ കുടുംബത്തിന്റെ മൂന്ന് കടകള്‍ നശിപ്പിച്ചു. ബിജെപി നേതാവും മന്ത്രിയുമായ ഓം പ്രകാശ് ദുര്‍വ, ബിജെപി ജില്ലാ പ്രസിഡന്റ് നരേന്ദ്ര സിംഗ് രജ്പുത് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാത 45 ഉപരോധിക്കുകയും ഖാന്റെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ രത്‌നാകര്‍ തായും സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ബല്‍ബീര്‍ രാമനും സമരക്കാരെ അനുനയിപ്പിച്ച് മടക്കി അയക്കുകയായിരുന്നു. അടുത്ത ദിവസം കനത്ത പോലിസ് സാന്നിധ്യത്തില്‍ ഖാന്റെ പിതാവ് ഹലീം ഖാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഒറ്റനില വീട് പൊളിച്ചുമാറ്റുകയായിരുന്നു. 'നിയമവിരുദ്ധ'മായി നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതോടെ ഹലീം ഖാനും ഭാര്യയും അവിവാഹിതരായ രണ്ട് ആണ്‍മക്കളും ഡിന്‍ഡോരി വിടുകയായിരുന്നു. ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായെന്നും വീട് പൊളിക്കാന്‍ ആളുകള്‍ സംഘടിച്ചെന്നും എസ്ഡിഎം രാമന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it