Big stories

പ്രജ്ഞാ സിങിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന്; ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തു

വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തു കൊണ്ട് സുനില്‍കുമാര്‍ നിഷാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു

പ്രജ്ഞാ സിങിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്ന്; ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തു
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച് വിവാദത്തിലാവുകയും ചെയ്ത ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂറിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചെന്നാരോപിച്ച് ഹോമിയോ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബിഎസ്പി നേതാവ് കാന്‍ഷിറാം രൂപീകരിച്ച മൈനോറിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍(ബിഎഎംസിഇഎഫ്) അംഗമായ സുനില്‍കുമാര്‍ നിഷാദി(38)നെയാണ് രവീന്ദ്ര തിവാരി എന്നയാളുടെ പരാതിയില്‍ മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്.

സുനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹിന്ദു വിരുദ്ധവും ബ്രാഹ്ണമ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ഇക്കഴിഞ്ഞ മെയ് 11നാണു പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐപിസി 259 എ വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് വിക്രോളിയിലെ പാര്‍ക്‌സൈറ്റ് പോലിസ് നിഷാദിനെതിരേ കേസെടുത്തത്. ഇതേത്തുടര്‍ന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റും കമ്മന്റും ഹിന്ദു വിരുദ്ധവും ബ്രാഹ്മണ വിരുദ്ധവുമാണെന്നാണ് തിവാരിയുടെ പരാതിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി നിഷാദ് സുനില്‍കുമാര്‍ ഇത്തരം പോസ്റ്റുകളിടുന്നതായും തിവാരി ആരോപിച്ചു. കുറച്ചു ദിവസം മുമ്പാണ് അപമാനകരമായ പോസ്റ്റ് കണ്ടത്. ഇതോടെയാണ് പോലിസില്‍ രേഖാമൂലം പരാതി നല്‍കാന്‍ തീരുമാനിച്ചത്. പോലിസ് നന്നായി സഹകരിക്കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്നു തിവാരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ആറുമാസം മുമ്പ് മറ്റൊരാളും സുനില്‍കുമാര്‍ നിഷാദിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും തിവാരി പറഞ്ഞു. നേരത്തേ, വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തു കൊണ്ട് സുനില്‍കുമാര്‍ നിഷാദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it