Sub Lead

മുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ അവിടെ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. രേഖകള്‍ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മിഷനായി നിയോഗിച്ചിട്ടുണ്ട്.

നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖ്ഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോര്‍ഡ് അംഗീകരിച്ചു. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരും. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്‌റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ചര്‍ച്ചയില്‍ റവന്യു മന്ത്രി കെ രാജന്‍, നിയമമന്ത്രി പി രാജീവ്, വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരും വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍, മുനമ്പം സമരസമിതി ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, കണ്‍വീനര്‍ ബെന്നി, മുരുകന്‍ (എസ്എന്‍ഡിപി), പി ജെ ജോസഫ് (പ്രദേശവാസി) എന്നിവരും പങ്കെടുത്തു.

അതേസമയം, വിഷയത്തില്‍ തീരുമാനമാവും വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. നിരാഹാര സമരം അടക്കമുള്ള സമരങ്ങളുമായി മുന്നോട്ടു പോവുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it