Sub Lead

മുനമ്പം വഖ്ഫ് ഭൂമി: കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് താമസക്കാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കും: ഹൈക്കോടതി

മുന്നിലുള്ള കേസ് അടിസ്ഥാനപരമായി ഒരു വസ്തുതര്‍ക്കമാണെന്നും കോടതി നിരീക്ഷിച്ചു.

മുനമ്പം വഖ്ഫ് ഭൂമി: കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് താമസക്കാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കും: ഹൈക്കോടതി
X

കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയിലെ താമസക്കാര്‍ക്ക് കുടിയൊഴിപ്പിക്കലില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കുമെന്ന് ഹൈക്കോടതി. ഇപ്പോള്‍ തര്‍ക്കത്തിലുള്ള ഭൂമി ഫറൂഖ് കോളജില്‍ നിന്ന് തങ്ങളുടെ പൂര്‍വ്വികര്‍ വാങ്ങിയതാണെന്ന് ആരോപിച്ച് ജോസഫ് ബെന്നി അടക്കമുള്ളവര്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശം.

1950ല്‍ കോളജിന് വഖ്ഫ് ചെയ്ത ഭൂമി 2019ലാണ് വഖ്ഫ് രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയതെന്നും 2020 മുതല്‍ പ്രദേശവാസികള്‍ക്ക് തഹസില്‍ദാറുടെ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. 1995ലെ വഖ്ഫ് നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയും ഹരജിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. വഖ്ഫ് സ്വത്തിന് പ്രത്യേക സംരക്ഷണം നല്‍കരുതെന്നും അതിന് നിയമപരമായ പരിമിതികള്‍ വെക്കണമെന്നും ഹരജിക്കാര്‍ വാദിച്ചു. എത്രകാലത്തിന് വേണമെങ്കിലും വഖ്ഫ് ഭൂമി തിരിച്ചുപിടിക്കാമെന്നാണ് വഖ്ഫ് നിയമത്തിലെ 107ാം വകുപ്പ് പറയുന്നത്. ഇത് വിവേചനപരമാണ്. വഖ്ഫ് സ്വത്തെന്ന് പറയുന്ന ഭൂമിയില്‍ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ കക്ഷികള്‍ക്ക് അവസരമില്ല. വഖ്ഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരമാണ് വഖ്ഫ് നിയമം നല്‍കുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു.

മുന്നിലുള്ള കേസ് അടിസ്ഥാനപരമായി ഒരു വസ്തുതര്‍ക്കമാണെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാര്‍ സിവില്‍ കോടതിയില്‍ അന്യായം നല്‍കുകയോ അവിടെ നിന്ന് ഇടക്കാല സ്‌റ്റേ വാങ്ങുകയോ ചെയ്യുന്നതു വരെ കുടിയൊഴിപ്പിക്കലില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും വാക്കാല്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഉത്തരവൊന്നും ഇറക്കിയില്ല. കേസ് ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it