Sub Lead

കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് വേദിയിലെത്തിച്ചത് ആസൂത്രിതമായി; ബിജെപിയിലെത്തിക്കാന്‍ നീക്കം

കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് വേദിയിലെത്തിച്ചത് ആസൂത്രിതമായി; ബിജെപിയിലെത്തിക്കാന്‍ നീക്കം
X

-പി എച്ച് അഫ്‌സല്‍

കോഴിക്കോട്: മുസ് ലിം ലീഗ് ദേശീയ നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദറിന്റെ ആര്‍എസ്എസ് വേദിയിലെത്തിച്ചത് സംഘപരിവാരം മുന്‍കൂട്ടിയെടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകുന്നു. കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയിലെത്തിച്ചതിനും തൊട്ടുടനെ തന്നെ അത് വിവാദമാക്കിയതിന് പിന്നിലും സംഘപരിവാരം തന്നേയാണെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ് ലിം ലീഗ് നേതാവ് ആര്‍എസ്എസ് വേദിയിലെത്തിയത് ആദ്യം വാര്‍ത്തയാക്കിയത് ആര്‍എസ്എസ് അനുഭാവിയും ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

കോയമ്പത്തൂരില്‍ നടന്ന ആര്‍എസ്എസ്സിന്റെ അഖിലേന്ത്യാ പ്രതിനിധി സഭയില്‍ ഏതെങ്കിലും തരത്തില്‍ ഹിന്ദുത്വയോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തികളെ സംഘപരിവാര്‍ സംഘടനകളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. അഖില്‍ ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് എന്ന പദവി വഹിക്കുന്ന മലയാളിയായ ജെ നന്ദകുകുമാറിനായിരുന്നു അതിന്റെ ചുമതല നല്‍കിയത്. കോയമ്പത്തൂര്‍ പ്രതിനിധി സമ്മേളനത്തില്‍ വച്ച് പ്രജ്ഞാ പ്രവാഹ് എന്ന സംഘടനയുടെ അഖില്‍ ഭാരതീയ സംയോജക് എന്ന പദവിയിലേക്ക് ജെ നന്ദകുമാറിന് സ്ഥാനക്കയറ്റം നല്‍കി. കോഴിക്കോട് കേസരിയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത് ജെ നന്ദകുമാറാണ്.

മാത്രമല്ല, സംഭവം വിവാദമായ ഉടനെ തന്നെ കെഎന്‍എ ഖാദറിന് പൂര്‍ണ പിന്തുണയുമായി ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ. എന്‍ ആര്‍ മധു രംഗത്തെത്തി. കെഎന്‍എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലാണെന്നും മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെഎന്‍എ ഖാദറിന് ഉണ്ടാകില്ലെന്നും എന്‍ ആര്‍ മധു വ്യക്തമാക്കി. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ് ലിംലീഗ് നടപടിയെടുത്താല്‍ സംഘപരിവാരം അര്‍ഹമായ സ്ഥാനം നല്‍കി സ്വീകരിക്കുമെന്ന ഉറപ്പാണ് ആര്‍എസ്എസ് നേതാവ് നല്‍കിയത്.

കെഎന്‍എ ഖാദര്‍ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങള്‍ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ആര്‍എസ്എസ് വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യ കഥ ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെഎന്‍എ ഖാദര്‍ നടത്തിയത്. മാത്രമല്ല, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിട്ടും ആര്‍എസ്എസ്സിനെ ഒരുതരത്തിലും വിമര്‍ശിക്കാതെയാണ് കെഎന്‍എ ഖാദര്‍ വിശദീകരണം നല്‍കിയത്.

ആര്‍എസ്എസ്സിന്റെ പ്രജ്ഞാ പ്രവാഹ് എന്ന പ്രത്യേക വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ച സംഘപരിവാറിന് പുറത്തുള്ളവരെ വേദിയിലെത്തിക്കാനുള്ള നീക്കം. ആര്‍എസ്എസ് ആഭിമുഖ്യമുള്ള വിവിധ ബൗദ്ധിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഒരു വിഭാഗമാണ് പ്രജ്ഞാ പ്രവാഹ്. ദീനദയാല്‍ ഗവേഷണ കേന്ദ്രം, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ ഫൗഡേഷന്‍, ഗുജറാത്തിലെ ഭാരതീയ വിചാരസാധന, തമിഴ്‌നാട്ടിലെ ചിന്താനൈ കഴകം, കര്‍ണാടകത്തിലെ മന്ദന്‍, കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രജ്ഞാ പ്രവാഹിന്റെ നിയന്ത്രണത്തിലാണ്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ധര്‍മ്മ സിവിലൈസേഷന്‍ സ്റ്റഡീഡ് ഫൗണ്ടേഷനും ഇതില്‍ പെടും.

Next Story

RELATED STORIES

Share it