Big stories

യുപിയില്‍ മുസ്‌ലിം ഗൃഹനാഥനെ ഹിന്ദുത്വസംഘം മര്‍ദിച്ച് കൊന്നു

പര്‍സോയ് ഗ്രാമവാസിയായ മുഹമ്മദ് അന്‍വര്‍ (50) ആണ് 20 അംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരേയും രണ്ട് അജ്ഞാതര്‍ക്കെതിരേയും പോലിസ് കേസെടുത്തു. പ്രതികള്‍ക്കെതിരേ കലാപം അഴിച്ചുവിടല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ പോലിസ് ചുമത്തി. 13 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി എസ്പിയുടെ നിര്‍ദേശപ്രകാരം പ്രദേശത്ത് കനത്ത പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.

യുപിയില്‍ മുസ്‌ലിം ഗൃഹനാഥനെ ഹിന്ദുത്വസംഘം മര്‍ദിച്ച് കൊന്നു
X

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര പര്‍സോയ് ഗ്രാമത്തില്‍ മുസ്‌ലിം ഗൃഹനാഥനെ ഹിന്ദുത്വസംഘം മര്‍ദിച്ച് കൊലപ്പെടുത്തി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പര്‍സോയ് ഗ്രാമവാസിയായ മുഹമ്മദ് അന്‍വര്‍ (50) ആണ് 20 അംഗ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരേയും രണ്ട് അജ്ഞാതര്‍ക്കെതിരേയും പോലിസ് കേസെടുത്തു. പ്രതികള്‍ക്കെതിരേ കലാപം അഴിച്ചുവിടല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ പോലിസ് ചുമത്തി. 13 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി എസ്പിയുടെ നിര്‍ദേശപ്രകാരം പ്രദേശത്ത് കനത്ത പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.


മുഹമ്മദ് അന്‍വറിന്റെ വീടിന് സമീപമുള്ള ഇമാം ചത്വരത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഈ ചത്വരം സ്ഥാപിച്ചതിനെതിരേ ഇരുസമുദായങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. ചത്വരം പൊളിച്ചുമാറ്റണമെന്ന ഹിന്ദുത്വരുടെ ആവശ്യം പലപ്പോഴും മുഹമ്മദ് അന്‍വര്‍ ചോദ്യംചെയ്തിരുന്നു. ഹോളി ആഘോഷത്തിന് തലേന്ന് രാത്രിയില്‍ ഹൈന്ദവര്‍ ദേവി പ്രീതിക്കായി പ്രതീകാത്മമായി ദീപം തെളിയിക്കുന്ന ആചാരമുണ്ട്.

തര്‍ക്കം നിലനില്‍ക്കുന്ന ചത്വരത്തില്‍ 20 ഓളം വരുന്ന സംഘം ദീപം തെളിയിക്കാനെത്തി. ഇത് മുഹമ്മദ് അന്‍വറിന്റെ ഭാര്യ കമറൂണ്‍ ബീഗത്തിന്റെ ശ്രദ്ധയില്‍പെട്ടു. അന്‍വര്‍ കാര്യമന്വേഷിക്കാനായി സംഭവസ്ഥലത്തേക്ക് പോയി. അന്‍വറിനെ കണ്ടതോടെ 20 അംഗ ഹിന്ദുത്വസംഘം മാരകായുധമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പിതാവിനെ ക്രൂരമായി മര്‍ദിക്കുമ്പോഴും ഗ്രാമത്തിലുള്ള ആരും രക്ഷയ്‌ക്കെത്തിയില്ലെന്ന് ദൃക്‌സാക്ഷിയായ 25കാരനായ മകന്‍ ഹസ്‌നെയ്ന്‍ അന്‍വര്‍ ശെയ്ഖ് പറഞ്ഞു. തുടര്‍ന്ന് പോലിസിനെ വിവരമറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് അന്‍വര്‍ മരിച്ചത്. ഇമാം ചത്വരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുസ്‌ലിംകള്‍ അനധികൃതമായാണ് ചത്വരം നിര്‍മിച്ചതെന്ന് പോലിസ് പറയുന്നു. മൂര്‍ച്ഛയുള്ള ആയുധംകൊണ്ടാണ് അന്‍വറിനെ ആക്രമിച്ചതെന്ന് കേസ് അന്വേഷിക്കുന്ന പോലിസ് വ്യക്തമാക്കി. ഒരുസംഘം ആളുകള്‍ ചത്വരം പൊളിക്കാനും അന്‍വര്‍ ഇതിനെ പ്രതിരോധിക്കാനും ശ്രമിച്ചുവെന്നാണ് വിവരം. ലോക്കല്‍ പോലിസ് ഉടന്‍തന്നെ സ്ഥലത്തെത്തിയതായും പോലിസ് പറയുന്നു.

ഇമാം ചത്വരത്തിന്റെ നിര്‍മാണത്തെ എതിര്‍ത്ത് ഹിന്ദു സമുദായത്തിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് ആറുമാസത്തിനിടെ മൂന്നുതവണ ഇരുസമുദായങ്ങളെ പങ്കെടുപ്പിച്ച് എസ്പിയുടെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ചകളും നടത്തി. പ്രശ്‌നം രമ്യതയിലെത്തിയതിനെത്തുടര്‍ന്നാണ് തുടര്‍ചര്‍ച്ചകള്‍ അവസാനിപ്പിച്ചത്. മുന്‍കാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസ് ജാഗ്രതയോടെ കേസില്‍ അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

പോലിസ് കസ്റ്റഡിയിലുള്ള ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ രവീന്ദ്ര ഖര്‍വാര്‍ ഗ്രാമത്തിലെത്തിയശേഷം വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയെന്ന് മുഹമ്മദ് അന്‍വറിന്റെ മകന്‍ ഹസ്‌നെയ്ന്‍ അന്‍വര്‍ ആരോപിക്കുന്നു. യാതൊരു വര്‍ഗീയ ചേരിതിരിവുമില്ലാതിരുന്ന ഗ്രാമത്തില്‍ രവീന്ദ്ര ഖര്‍വാര്‍ വന്നശേഷം സംഘര്‍ഷങ്ങള്‍ ആരംഭിച്ചതായി ഹസ്‌നെയ്ന്‍ അന്‍വറിന്റെ ബന്ധു നസീം ഖാസിപുരിയും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it