Sub Lead

പൗരത്വ പ്രക്ഷോഭം രാജ്യത്തെ സ്വതന്ത്ര ചിന്തകരെ ഐക്യപ്പെടുത്തി: നസറുദ്ദീന്‍ ഷാ

'ചലച്ചിത്ര വ്യവസായങ്ങള്‍ എല്ലായ്‌പ്പോഴും അധികാരത്തിലിരിക്കുന്നവരെ ആകര്‍ഷിക്കുന്നു. ചരിത്രം മാറ്റിയെഴുതാന്‍ സഹായിക്കുന്ന ഈ ചലച്ചിത്ര പ്രവര്‍ത്തകരില്‍, എത്രമാത്രം ബോധ്യമുണ്ടെന്ന് ഞാന്‍ ശരിക്കും അത്ഭുതപ്പെടുന്നു,' നസറുദ്ദീന്‍ ഷാ പറഞ്ഞു.

പൗരത്വ പ്രക്ഷോഭം രാജ്യത്തെ സ്വതന്ത്ര ചിന്തകരെ ഐക്യപ്പെടുത്തി: നസറുദ്ദീന്‍ ഷാ
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചതായും തീര്‍ച്ചയായും അതില്‍ നിന്ന് മഹത്തായ കല ഉയര്‍ന്നുവരുമെന്നും ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) ബോളിവുഡിന്റെ നിലപാടും കാലാകാലങ്ങളായി കലാരംഗത്തുണ്ടായിട്ടുള്ള പുരോഗമനങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നസറുദ്ദീന്‍ ഷാ മനസ് തുറന്നത്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന അക്രമത്തെക്കുറിച്ചുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റുകളെ നസറുദ്ദീന്‍ ഷാ വിമര്‍ശിച്ചു.

'അനുപം ഖേറിനെ ഗൗരവമായി കാണേണ്ടതില്ല. അദ്ദേഹം ഒരു കോമാളിയാണ്. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സമകാലികരോട് ചോദിച്ചാല്‍ മതി. കാര്യസാധ്യത്തിനായി സ്തുതി പാടുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. അത് അദ്ദേഹത്തിന്റെ രക്തത്തിലുള്ളതാണ്. അതില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല,'നസറുദ്ദീന്‍ ഷാ പറഞ്ഞു.

സിഎഎയ്‌ക്കെതിരെ നിലപാടെടുക്കുന്ന ചലച്ചിത്ര മേഖലയില്‍നിന്നുള്ള വ്യക്തികളെക്കുറിച്ചും നസറുദ്ദീന്‍ ഷാ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. 'അവര്‍ വളരെ ധൈര്യശാലികളാണ്. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടൊന്നുമില്ല. എന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും, അവര്‍ക്ക് എത്രമാത്രം നഷ്ടപ്പെടാനുണ്ടെന്ന് ആശ്ചര്യം തോന്നുന്നു. അത് നിങ്ങളെ കൊല്ലുമോ? ദീപികയെ പോലുള്ള പെണ്‍കുട്ടിയുടെ ധൈര്യത്തെ നിങ്ങള്‍ പ്രശംസിക്കണം. ബോളിവുഡിന്റെ പ്രമുഖ നിരയിലായിരുന്നിട്ടും അവര്‍ ധൈര്യത്തോടെ മുന്നോട്ടുവന്നു,' നസറുദ്ദീന്‍ ഷാ പറഞ്ഞു.

കുറച്ചുകാലമായി സിനിമാ വ്യവസായം തകര്‍ത്തുകൊണ്ടിരിക്കുന്ന 'ദേശസ്‌നേഹ സിനിമകളുടെ' സ്വഭാവത്തെക്കുറിച്ചും നസറുദ്ദീന്‍ ഷാ മനസ് തുറന്നു. 'ചലച്ചിത്ര വ്യവസായങ്ങള്‍ എല്ലായ്‌പ്പോഴും അധികാരത്തിലിരിക്കുന്നവരെ ആകര്‍ഷിക്കുന്നു. ചരിത്രം മാറ്റിയെഴുതാന്‍ സഹായിക്കുന്ന ഈ ചലച്ചിത്ര പ്രവര്‍ത്തകരില്‍, എത്രമാത്രം ബോധ്യമുണ്ടെന്ന് ഞാന്‍ ശരിക്കും അത്ഭുതപ്പെടുന്നു,' നസറുദ്ദീന്‍ ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it