Sub Lead

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകള്‍

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകള്‍
X

തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 25 പേരുടെ സാമ്പിളുകള്‍ എന്‍.ഐ.വി. പൂനയിലേക്ക് അയച്ചു. കുറഞ്ഞ നാള്‍കൊണ്ട് ഇവിടെതന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണ്. എന്‍.ഐ.വി.യില്‍ അയക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനും നിപ പ്രതിരോധം ശക്തമാക്കാനും ഇതിലൂടെ സാധിച്ചു. ആത്മാര്‍ത്ഥ സേവനം നടത്തുന്ന ഈ ലാബിലെ എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

സപ്തംബര്‍ നാലാം തീയതി കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കോഴിക്കോട് നിപ പരിശോധിക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി ഇടപെടുകയായിരുന്നു. എന്‍.ഐ.വി പൂനയുടെ സഹകരണത്തോടെ സപ്തംബര്‍ ആറിനാണ് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി.ആര്‍.ഡി. ലാബില്‍ ഒറ്റ ദിവസം കൊണ്ട് പ്രത്യേക ലാബ് സജ്ജമാക്കിയത്. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഈ ലാബ്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്ജമാക്കിയത്. പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അടിയന്തരമായി എത്തിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. സാമ്പിളുകള്‍ ലാബിലെത്തിയാല്‍ അതീവ സുരക്ഷയോടും സൂക്ഷ്മതയോടും വേര്‍തിരിച്ചാണ് പരിശോധന നടത്തുന്നത്. എന്‍.ഐ.വി. പൂനയിലെ 4 വിദഗ്ധരും എന്‍.ഐ.വി. ആലപ്പുഴയിലെ 2 വിദഗ്ധരും ഉള്‍പ്പെടെ പന്ത്രണ്ടോളം ജീവനക്കാരാണ് സംഘത്തിലുള്ളത്. എത്ര വൈകിയാലും അന്നത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ജീവനക്കാര്‍ ലാബ് വിടാറുള്ളൂ.

Next Story

RELATED STORIES

Share it