Sub Lead

മഴക്കാലത്തും കുടിവെള്ളമില്ല ദലിത് ജനങ്ങളുടെ ജീവിതം തകർത്ത് ക്വാറിയുടെ പ്രവർത്തനം

കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എ കെ ആര്‍ എന്ന കരിങ്കല്‍ ക്വാറിയുടെ പ്രവർത്തനമാണ് പരിസര പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ലഭിക്കാതിരിക്കാൻ കാരണം. ക്വാറിയുടെ മാനേജര്‍ പ്രാദേശിക സിപിഐഎം നേതാവും കിളിമാനൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ ജി പ്രിന്‍സ് ആണ്

മഴക്കാലത്തും കുടിവെള്ളമില്ല ദലിത് ജനങ്ങളുടെ ജീവിതം തകർത്ത് ക്വാറിയുടെ പ്രവർത്തനം
X

തിരുവനന്തപുരം: മഴക്കാലത്തും കുടിവെള്ളമില്ല ദുരിത ജീവിതം പേറി കിളിമാനൂർ തോപ്പിൽ കോളനി നിവാസികൾ. പട്ടികജാതി വികസന വകുപ്പിൻറെ സ്വയംപര്യാപ്ത ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി 2013- 2014 ൽ പ്രഖ്യാപനം ഉണ്ടായെങ്കിലും യാതൊരുവിധ സഹായങ്ങളും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത്. പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും ജില്ലാ പട്ടികജാതി കമ്മീഷനടക്കം പരാതി നൽകിയിരിക്കുകയാണ് കോളനി നിവാസികൾ.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങിക്കിടന്ന പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിലെ അലംഭാവത്തിനെതിരേ കിളിമാനൂര്‍ തോപ്പില്‍ കോളനിയിലുള്ളവര്‍ നടത്തിയ പ്രത്യക്ഷ സമരത്തെ തുടർന്ന് കുടിവെള്ളം ലഭ്യമാക്കാൻ പട്ടികജാതി വികസന ബ്ലോക്ക് ഓഫീസർ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് കുടിവെള്ളം വിരലിലെണ്ണാവുന്ന വീടുകളിലേക്ക് പൈപ്പ് വഴി എത്തിച്ചെങ്കിലും സിപിഎം നേതാവും കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ ദേവദാസിൻറെ നേതൃത്വത്തിൽ കുടിവെള്ള പൈപ്പ് ലൈൻ തകർത്തിരുന്നു. ഇപ്പോൾ ആർക്കും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എ കെ ആര്‍ എന്ന കരിങ്കല്‍ ക്വാറിയുടെ പ്രവർത്തനമാണ് പരിസര പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ലഭിക്കാതിരിക്കാൻ കാരണം. ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥന്റെ ഭാര്യ ഓമനയുടെ പേരിലാണ് നിലവിൽ ക്വാറിക്ക് ലൈസൻസ് ഉള്ളത്. ക്വാറിയുടെ മാനേജര്‍ പ്രാദേശിക സിപിഐഎം നേതാവും കിളിമാനൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ ജി പ്രിന്‍സ് ആണ്. ജനവാസ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ ക്വാറിക്കെതിരേ 2013ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ക്വാറി മാഫിയയും, ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതൃത്വവും സംയുക്തമായി ജനങ്ങളെ ഭയപ്പെടുത്തി അടിച്ചമര്‍ത്തുകയായിരുന്നു. ക്വാറി നടത്തിപ്പിന് വേണ്ടി കോളനി ഒഴിപ്പിക്കാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടിവെള്ള പദ്ധതി നടപ്പിലാക്കാതെ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ശ്രമിച്ചത്.

ക്വാറിയുടെ പ്രവർത്തനം മൂലം വീടുകൾക്കെല്ലാം കേടുപാടുകൾ പറ്റിയിട്ടുണ്ട്. പല വീടുകളുടെ ചുമരുകളും വിണ്ടുകീറിയ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ അറ്റകുറ്റ പണികൾ പൂർത്തീകരിക്കണമെന്നും. കോളനിയിലെ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ഇപ്പോൾ വകുപ്പ് മന്ത്രിക്കടക്കം പരാതികൾ നൽകിയിരിക്കുന്നത്.

Next Story

RELATED STORIES

Share it