Sub Lead

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയില്ല; ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് വിനേഷ് ഫൊഗട്ട്

അത് ക്രിക്കറ്റ് താരങ്ങളായാലും, ബാഡ്മിന്റണ്‍, അത്ലറ്റിക്‌സ്, ബോക്‌സിംഗ് താരങ്ങളായാലും ഒരു പ്രതികരണം പോലുമില്ല.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയില്ല; ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് വിനേഷ് ഫൊഗട്ട്
X


ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരായ മീ ടൂ പരാതികളില്‍ കേസെടുക്കാന്‍ തയാറാവാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ നടത്തുന്ന സമരത്തെക്കുറിച്ച് മൗനം പാലിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. സമരത്തിന് പിന്തുണയുമായി ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, ഇര്‍ഫാന്‍ പത്താന്‍ ഹര്‍ഭജന്‍ സിങ്, വിരേന്ദ്ര സേവാഗ് എന്നിവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന ഒരു താരങ്ങളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടില്ല.


രാജ്യം മുഴവന്‍ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുമ്പോഴും ഒറ്റ ക്രിക്കറ്റ് താരം പോലും ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തുവന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഞങ്ങളെ പിന്തുണച്ച് സംസാരിക്കണമെന്നല്ല പറയുന്നത്, നിഷ്പക്ഷമായെങ്കിലും നിങ്ങള്‍ക്ക് ഒരു അഭിപ്രായം പറയാമല്ലോ, ആര് ഭരിച്ചാലും കായിക താരങ്ങള്‍ക്ക് നീതി കിട്ടണമെന്നൊരു സന്ദേശമെങ്കിലും നല്‍കാമല്ലോ. ഇതാണ് എന്നെ വേദനിപ്പിക്കുന്നത്, അത് ക്രിക്കറ്റ് താരങ്ങളായാലും, ബാഡ്മിന്റണ്‍, അത്ലറ്റിക്‌സ്, ബോക്‌സിംഗ് താരങ്ങളായാലും ഒരു പ്രതികരണം പോലുമില്ല.


നമുക്ക് വലിയ കായികതാരങ്ങളില്ലാതെയല്ല, അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലിവ്‌സ് മാസ്റ്റര്‍ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരാണ് അവര്‍. അവരുടെ അത്രപോലും പിന്തുണ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലെ. അവരെന്തിനെ ആണ് ഭയക്കുന്നത്, അവര്‍ക്ക് ലഭിക്കുന്ന പരസ്യക്കരാറുകള്‍ നഷ്ടമാകുമെന്നാണോ. പ്രതിഷേധിക്കുന്ന താരങ്ങളോട് ബന്ധപ്പെടാന്‍ അവര്‍ ഭയപ്പടെുകയാണ്, അതാണ് എന്നെ വേദനിപ്പിക്കുന്നത്-വിനേഷ് ഫോഗട്ട് പറഞ്ഞു.

ഞങ്ങള്‍ രാജ്യത്തിനായി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ഈ ക്രിക്കറ്റ് താരങ്ങള്‍ അഭിനന്ദന സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യാറുണ്ട്. ഇപ്പോഴെന്താണ് പറ്റിയത്. നിങ്ങള്‍ക്ക് ഭരണകൂടത്തെ ഭയമാണോ എന്നും വിനേഷ് ചോദിച്ചു. അതേസമയം, ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍. എഫ്‌ഐആര്‍ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്‌ഐആര്‍ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





Next Story

RELATED STORIES

Share it