Sub Lead

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ല; 24 കോളജുകളിലെ 1500 വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞു

ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ല; 24 കോളജുകളിലെ 1500 വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞു
X

കൊല്ലം: ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ(ഐഎന്‍സി) അംഗീകാരമില്ലാത്തതിനാല്‍ സംസ്ഥാനത്തെ 24 നഴ്‌സിങ് കോളജുകളിലെ ഫലം തടഞ്ഞു. ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി നഴ്‌സിങ് ഫലമാണ് കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തടഞ്ഞുവച്ചത്. 2023-24 അധ്യയന വര്‍ഷം തുടങ്ങിയതും സീറ്റ് വര്‍ധന നടപ്പാക്കിയവയും ഉള്‍പ്പെടെയുള്ള കോളജുകളിലെ 1500ഓളം വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞത്. പുതിയ കോളജുകള്‍ക്കും സീറ്റ് കൂട്ടിയതിനും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം ലഭിക്കാത്തതാണ് ഫലം തടഞ്ഞുവയ്ക്കാന്‍ കാരണം.

കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി നഴ്‌സിങ് പരീക്ഷയുടെ ഫലം ജൂലൈ 17നാണ് ആരോഗ്യശാസ്ത്ര സര്‍വകലാശാല പ്രസിദ്ധീകരിച്ചത്. സാധാരണ പരീക്ഷ നടന്ന് രണ്ടുമാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് ഇത്തവണ നാലാംമാസമാണ് പുറത്തുവിട്ടത്. ഫലം പുറത്തുവന്നപ്പോഴാണ് തടഞ്ഞുവച്ച കാര്യം വിദ്യാര്‍ഥികള്‍ അറിഞ്ഞത്. ഇതില്‍ ഏറെയും സര്‍ക്കാര്‍ കോളജുകളും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളുമാണെന്നാണ് വിവരം.

പുതിയ നഴ്‌സിങ് കോളജിന് ആരോഗ്യശാസ്ത്ര സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരാക്ഷേപപത്രവും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍, കേരള നഴ്‌സിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരവും വേണം. നിലവിലുള്ള കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാനും ഇതേ മാനദണ്ഡമാണ്. സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഐഎന്‍സിയുടെ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല കോളജുകള്‍ക്ക് താല്‍ക്കാലികാനുമതി നല്‍കിയത്. ഉടന്‍തന്നെ ഐഎന്‍സി അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, കോളജുകള്‍ ഇത് പാലിക്കാത്തതിനാണ് ഫലം തടഞ്ഞുവച്ചതെന്നാണ് വിവരം.

മതിയായ അംഗീകാരങ്ങള്‍ നേടാതെയും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെയും പുതിയ കോളജുകള്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ തിരിച്ചടിയായത്. ചില സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചും അനുകൂല ഉത്തരവ് നേടിയിരുന്നു. ഐഎന്‍സി പിന്നീട് ചില കോളജുകളില്‍ പരിശോധന നടത്തിയെങ്കിലും 2024-25 വര്‍ഷത്തെ അംഗീകാരമാണ് നല്‍കിയത്. അതിനാല്‍ തന്നെ 2023-24 വര്‍ഷത്തെ അംഗീകാരം ലഭിക്കുമോയെന്ന കാര്യവും ആശങ്കയിലാണ്. ഫലം തടഞ്ഞുവച്ചതോടെ വിദ്യാര്‍ഥികളുടെ ഭാവിയും തുടര്‍പഠനവും ആശങ്കയിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it