Sub Lead

തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 236 ആയി

തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ കേസുകള്‍ 236 ആയി
X

ചെന്നൈ: തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 26 പേരും ചെന്നൈയില്‍നിന്നുള്ളവരാണ്. മധുരയില്‍ 4 കേസുകളും തിരുവനമലയില്‍ 2 കേസുകളും സേലത്ത് ഒരു കേസും റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 34 ആയി. ഇവരുമായി സമ്പര്‍ക്കത്തിലള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്രവം ജീനോം സീക്വന്‍സിങ്ങിന് അയച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

കഴിഞ്ഞ ദിവസം ഒരാള്‍ക്ക് മാത്രമാണ് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. ഡിസംബര്‍ 15ന് നൈജീരിയയില്‍ നിന്നെത്തിയ 47 കാരനായ ഒരു യാത്രക്കാരനാണ് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നത്. ബുധനാഴ്ച വിവിധ രാജ്യങ്ങളില്‍നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 104 പേര്‍ക്ക് ഇതുവരെ കൊവിഡ് 19 പോസിറ്റീവ് പരീക്ഷിച്ചു. അതില്‍ 82 പേര്‍ക്ക് കൊവിഡിന്റെ 'എസ് ജീന്‍ ഡ്രോപ്പ്' വേരിയന്റ് കണ്ടെത്തിയതായി സംസ്ഥാന മന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു.

82 യാത്രക്കാരുടെ സാംപിളുകള്‍ ജീനോമിക് സീക്വന്‍സിങ് വിശകലനത്തിനായി ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌റ്റെം സെല്‍ സയന്‍സ് ആന്റ് റീജനറേറ്റീവ് മെഡിസിനിലേക്ക് (ഇന്‍സ്‌റ്റെം) അയച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 236 ആയി ഉയര്‍ന്നു. ഇതില്‍ 65 കേസുകളുമായി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും 64 കേസുകളുമായി ഡല്‍ഹിയും 24 കേസുകളുമായി തെലങ്കാനയുമാണ് തൊട്ടുപിന്നിലുമുള്ളത്.

213 കേസുകളില്‍ 104 രോഗികള്‍ വൈറസില്‍നിന്ന് സുഖം പ്രാപിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 434 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരുദിവസം മാത്രം 6,960 രോഗികള്‍ സുഖം പ്രാപിച്ചതോടെ ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഇപ്പോള്‍ 3,42,08,926 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,78,759 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 78,291 ആണ്. ഇത് രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.23 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,05,775 കൊവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it