Sub Lead

ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘം സജീവം; ജാഗ്രത വേണമെന്ന് പോലിസ്

ജനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളിലാണെന്നു പറഞ്ഞ് വ്യാജ ഐഡി കാര്‍ഡുകളും ചിത്രങ്ങളും അയച്ചു നല്‍കിയാണ് തട്ടിപ്പ്

ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘം സജീവം; ജാഗ്രത വേണമെന്ന് പോലിസ്
X

കൊച്ചി: മിലിറ്ററിയില്‍ നിന്നാണെന്നും പറഞ്ഞാണ് ആലുവയില്‍ ചെറുകിട മീന്‍ വില്‍പ്പന നടത്തുന്നയാള്‍ക്ക് മൊബൈലില്‍ വിളിവന്നത്. നാലാം മൈലില്‍ ഒരു ഓപ്പറേഷന്റെ ഭാഗമായി ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും പത്ത് കിലോഗ്രാം മീന്‍ വേണമെന്നുമായിരുന്നു ഹിന്ദിയില്‍ പറഞ്ഞത്. പട്ടാളക്കാരോട് സ്‌നേഹവും അടുപ്പവുമുളള കച്ചവടക്കാരന്‍ മീന്‍ ഒരുക്കി വച്ചു. ഡ്രൈവറെ അയച്ച് മീന്‍ വാങ്ങിക്കോളാമെന്നും വിളിച്ചവര്‍ പറഞ്ഞു. പണം ഗൂഗിള്‍ പേ വഴി അയക്കാന്‍ വില്‍പനക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ മിലിട്ടറിയില്‍ ആ സംവിധാനം ഇല്ലെന്നും 'കാര്‍ഡ് ടു കാര്‍ഡ് ' വഴി അയച്ചു തരാമെന്നും മറുപടി നല്‍കി.

അതിനായി എടിഎം കാര്‍ഡിന്റെ രണ്ടുവശവും ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് വഴി അയക്കാന്‍ ആവശ്യപ്പെടുകയും, കച്ചവടക്കാരന്‍ അതുപോലെ ചെയ്യുകയും ചെയ്തു. വിളിക്കുന്നത് പട്ടാളക്കാരനാണെന്ന് ഉറപ്പു വരുത്താന്‍ വിളിച്ചയാള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും , ഫോട്ടോയും അയച്ചു നല്‍കി. വില്‍പ്പനക്കാരന് മൊബൈലില്‍ വന്ന ഒടിപി നമ്പര്‍ കൂടി അയച്ചു കൊടുത്തുകഴിഞ്ഞപ്പോള്‍ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്ന 2,650 രൂപ സംഘം തൂത്തുപെറുക്കി കൊണ്ടുപോയി. തലേന്ന് ഗൂഗിള്‍ പേ വഴി കിട്ടിയതും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വച്ചതുമായ തുകയാണ് ഒണ്‍ലൈന്‍ തട്ടിപ്പു സംഘം കൊണ്ടുപോയത്.

കീഴ്മാട് കോഴിക്കച്ചവടം നടത്തുന്ന സുബിന്‍ തക്ക സമയത്ത് ബുദ്ധിപരമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് തട്ടിപ്പില്‍ നിന്ന് രക്ഷപെട്ടത്. മിലിട്ടറിയില്‍ നിന്നാണെന്ന് പറഞ്ഞാണ് സുബിനും വിളി വന്നത്. ആലുവയില്‍ രഹസ്യമായി ക്യാമ്പ് ചെയ്തിരിക്കുകയാണെന്നും 15 കിലോഗ്രാം ഇറച്ചി വേണമെന്നുമായിരുന്നു ആവശ്യം. ഇറച്ചി തയ്യാറാക്കിയ ശേഷം വീണ്ടും വിളി വന്നു. പണം അക്കൗണ്ടിലിടാന്‍ എടിഎം കാര്‍ഡിന്റെ ഇരുവശവും ഫോട്ടോയെടുത്ത് അയക്കാന്‍ പറഞ്ഞു. തട്ടിപ്പാണെന്ന് മനസിലാക്കിയ സുബിന്‍ ഉപയോഗിക്കാത്ത അക്കൗണ്ടില്‍ രണ്ടു രൂപ മാത്രമുള്ള എടിഎം കാര്‍ഡിന്റെ ചിത്രം അയച്ചു കൊടുത്തു. മിനിമം ആയിരം രൂപയുള്ള എടിഎം കാര്‍ഡേ എടുക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. സുബിന്‍ കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്ത് മുറിച്ച് വച്ച മാംസം കൂട്ടുകാര്‍ക്ക് ഫ്രീയായി വിതരണം ചെയ്തു.

ഹോട്ടലുകളിലേക്ക് വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തും ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നണ്ട്. നാണക്കേട് നിമിത്തം പലരും പുറത്ത് പറയുന്നില്ല. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പേര്‍ വിളിച്ചു പറയുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. ജനങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളിലാണെന്നു പറയുകയും, അതുമായി തയ്യാറാക്കിയ വ്യാജ ചിത്രങ്ങളും , ഐഡി കാര്‍ഡുകളും അയക്കുകയും ചെയ്യും. ഇത് യഥാര്‍ഥമാണെന്ന് വിശ്വസിച്ച് അവരുടെ തട്ടിപ്പില്‍ വീഴുകയും ചെയ്യും. ഒരു കാരണവശാലും എടിഎം കാര്‍ഡിലെ നമ്പറുകള്‍ പറഞ്ഞു കൊടുക്കുകയോ ചിത്രം ആയച്ചു കൊടുക്കുകയോ അരുത്. ഒടിപി നമ്പറുകളും പങ്കു വയ്ക്കരുത്. അങ്ങനെ ചെയ്താല്‍ സാമ്പത്തിക നഷ്ടം വരുമെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ് പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it