Sub Lead

പീഡിപ്പിക്കപ്പെട്ടത് സത്യത്തോടൊപ്പം നിലകൊണ്ടതിന്; അച്ഛന് നീതികിട്ടുംവരെ വിശ്രമമില്ലെന്ന് സഞ്ജീവ് ഭട്ടിന്റെ മക്കള്‍

മറ്റുള്ളവര്‍ നിശബ്ദരായിരുന്നപ്പോള്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കുറ്റവാളികളെ ധൈര്യപൂര്‍വം നേരിട്ടതാണോ അച്ഛന്‍ ചെയ്ത കുറ്റം. നിരന്തരമായി രാഷ്ട്രീയവേട്ടയ്ക്ക് ഇരയായിട്ടുപോലും തന്റെ നിലപാടില്‍നിന്ന് അച്ഛന്‍ പിന്‍മാറിയില്ല. അന്ന് ഞങ്ങള്‍ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. ഇന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല.

പീഡിപ്പിക്കപ്പെട്ടത് സത്യത്തോടൊപ്പം നിലകൊണ്ടതിന്; അച്ഛന് നീതികിട്ടുംവരെ വിശ്രമമില്ലെന്ന് സഞ്ജീവ് ഭട്ടിന്റെ മക്കള്‍
X

ന്യൂഡല്‍ഹി: സത്യത്തോടൊപ്പം അടിയുറച്ചുനിന്നതിന്റെ പേരിലാണ് അച്ഛന് നിരന്തരമായ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്നതെന്നും അദ്ദേഹത്തിന് നീതികിട്ടുംവരെ വിശ്രമമില്ലെന്നും സഞ്ജീവ് ഭട്ടിന്റെ മക്കളായ ആകാശി സഞ്ജീവ് ഭട്ടും ശാന്തനു സഞ്ജീവ് ഭട്ടും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെക്കുറിച്ചുള്ള മക്കളുടെ പ്രതികരണം വൈകാരികവും നിര്‍ഭയവും നിശ്ചയദാര്‍ഢ്യം നിറഞ്ഞതുമായിരുന്നു. 2019 ജൂണ്‍ 20ന് നിരപരാധിയായ അച്ഛനെ കെട്ടിച്ചമച്ചുണ്ടാക്കിയ കേസിന്റെ പേരിലാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്ന് നീതിയുടെ പ്രകടമായ ലംഘനമാണുണ്ടായത്.

മറ്റുള്ളവര്‍ നിശബ്ദരായിരുന്നപ്പോള്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കുറ്റവാളികളെ ധൈര്യപൂര്‍വം നേരിട്ടതാണോ അച്ഛന്‍ ചെയ്ത കുറ്റം. നിരന്തരമായി രാഷ്ട്രീയവേട്ടയ്ക്ക് ഇരയായിട്ടുപോലും തന്റെ നിലപാടില്‍നിന്ന് അച്ഛന്‍ പിന്‍മാറിയില്ല.... അതാണ് ഞങ്ങളുടെ അച്ഛനായ സഞ്ജീവ് ഭട്ട്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ മുമ്പാകെ സാക്ഷി പറയാന്‍ അച്ഛന്‍ പോയ ദിവസം ഞങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. തിന്‍മയും പ്രതികാരവും സമാനതകളില്ലാതെ ഒരു മനുഷ്യനെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എങ്കിലും അന്ന് ഞങ്ങള്‍ ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല. ഇന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. അവരുടെ പക്കല്‍ അധികാരമുണ്ടായിരിക്കാം, പക്ഷേ, ഞങ്ങളുടെ പക്കലുള്ളത് സത്യവും തത്വസംഹിതകളുമാണ്.


ഭയം, അടിച്ചമര്‍ത്തല്‍ എന്നിവയിലൂടെയാണ് അവര്‍ ശക്തിയാര്‍ജിക്കുന്നത്. എന്നാല്‍, നീതിയും ബഹുമാനവുമാണ് ഞങ്ങളുടെ പക്കലുള്ള ശക്തി. എല്ലാവരോടും ഞങ്ങള്‍ക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ഞങ്ങളുടേത് അസാമാന്യനായ ഒരു മനുഷ്യന്റെ ശക്തമായ കുടുംബമാണ്. സ്വേച്ഛാധിപതികള്‍ വരും, പോവും... ചരിത്രം അവരെ അഴുക്കുചാലുകള്‍പോലെ തുടച്ചുമാറ്റും. പക്ഷേ, നായകന്‍മാര്‍ തുടര്‍ന്നും ജീവിക്കും. നീതിമാനായ ഒരുദ്യോഗസ്ഥനെന്ന നിലയില്‍ ലോകം പ്രശംസിക്കുന്ന സഞ്ജീവ് ഭട്ട് ഒരു വിസില്‍ ബ്ലോവര്‍ പോലിസുകാരന്‍ മാത്രമല്ല, മികച്ച ഒരു അച്ഛനുമാണ്.

ജീവിതത്തില്‍ പല വേഷങ്ങള്‍ അച്ഛന്‍ അനായാസം കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ ദൃക്‌സാക്ഷികളാണ്. അദ്ദേഹം ഞങ്ങളുടെ അച്ഛന്‍ മാത്രമായിരുന്നില്ല, നല്ലൊരു ഉപദേഷ്ടാവും അധ്യാപകനും സുഹൃത്തും വിശ്വസ്തനും കഠിനമായ വിമര്‍ശകനും പിന്തുണക്കാരനും ഒക്കെയായിരുന്നു. നിര്‍ഭയനായിരിക്കാനും റിസ്‌കുകളെടുക്കാനും എല്ലാ കാര്യത്തിലും സ്വന്തം നിലപാടുകളുണ്ടായിരിക്കണമെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. സമൂഹത്തില്‍ അനീതിയുണ്ടാവുമ്പോള്‍ മൗനമായിരിക്കാതെ അതിനെ ചോദ്യംചെയ്യാനും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സ്വന്തം കാര്യമെന്നപോലെ നിറവേറ്റിക്കൊടുക്കാനും കഴിയണമെന്നാണ് അച്ഛനെപ്പോഴും ഉപദേശിച്ചത്.

27 വര്‍ഷമായി തന്റെ കടമ മാന്യമായും സത്യസന്ധമായും അച്ഛന്‍ നിറവേറ്റി. ഒരു രാഷ്ട്രീയത്തിന്റെയോ അധികാരത്തിന്റെയോ സമ്മര്‍ദത്തിന് അച്ഛന്‍ വഴങ്ങിക്കൊടുത്തില്ല. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേയാണ് എല്ലായ്‌പ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്. നമ്മുടെ ഇന്നത്തെ 'പുതിയ ഇന്ത്യയില്‍' സത്യസന്ധതയെക്കുറിച്ചും മൂല്യത്തെക്കുറിച്ചും ആലോചിക്കുമ്പോള്‍ ഹൃദയം തകരുകയും രക്തം തിളയ്ക്കുകയുമാണ്. ബലാല്‍സംഗികളും ഭീകരവാദികളും കൊലപാതകികളുമാണ് നമ്മുടെ രാജ്യത്ത് അരങ്ങുവാഴുന്നത്. അക്രമം, വിദ്വേഷം, ഭീകരത എന്നിവയ്‌ക്കെതിരേ ജീവിതകാലം മുഴുവന്‍ പോരാടിയ ഒരുദ്യോഗസ്ഥനെ വ്യാജമായി പടച്ചുണ്ടാക്കിയ കേസിന്റെ പേരില്‍ തടവറയിലാക്കുകയാണുണ്ടായത്. അച്ഛന്റെ നഷ്ടം ഓരോ നിമിഷങ്ങളിലും ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്നോളം കണ്ടതില്‍വച്ച് ഏറ്റവും ധീരനും ശക്തനുമാണ് ഞങ്ങളുടെ അച്ഛന്‍. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കുറ്റവാളികളെ നീതിപീഠത്തിന് മുന്നിലെത്തിക്കാന്‍ അച്ഛന്റെ പോരാട്ടം ഇന്നും തുടരുകയാണ്. ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്ക് നീതിലഭ്യമാക്കുന്നതിനായി തന്റെ ജീവിതംതന്നെ സമര്‍പ്പിച്ചു. കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ എന്നും നിശ്ചയദാര്‍ഢ്യത്തോടെ അച്ഛനോടൊപ്പമുണ്ടാവും. ഇപ്പോള്‍ പോരാടാനുള്ള നല്ലൊരു അവസരമാണിത്. ഗുജറാത്ത് വംശഹത്യയ്‌ക്കെതിരേ അച്ഛന്‍ തുടങ്ങിവച്ച പോരാട്ടം ഇനി ഞങ്ങള്‍ തുടരും. അച്ഛന് നീതി കിട്ടുംവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല. വൈകാതെ തന്നെ അച്ഛന്‍ വീട്ടിലേക്ക് മടങ്ങിയെത്തുമെന്നത് എല്ലാവര്‍ക്കും ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനമാണെന്നും മക്കള്‍ കുറിക്കുന്നു.

Next Story

RELATED STORIES

Share it