Sub Lead

പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റണം-പോപുലര്‍ ഫ്രണ്ട്

പാലത്തായി കേസ്: ഐജി ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റണം-പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന്‍ ബാലികയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണച്ചുമതലയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ നീക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണഘട്ടത്തില്‍ ഉത്തരവാദിത്തമുള്ള ഒരു പോലിസുദ്യോഗസ്ഥനില്‍ നിന്നുണ്ടാവാന്‍ പാടില്ലാത്ത നീക്കങ്ങളാണ് ശ്രീജിത്ത് നടത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഐജി ശ്രീജിത്തിന്റെ പേരില്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഫോണ്‍കോളില്‍ കേസിനെ ദുര്‍ബലപ്പെടുത്തുന്ന വിശദാംശങ്ങളാണുള്ളത്. പ്രതിഭാഗത്തിന് സഹായകരമാവുന്ന നിലയില്‍ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ട്. പ്രതിയുടെ അറസ്റ്റ് വൈകിയതു മുതല്‍ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതുവരെയുള്ള നടപടികളില്‍ പോലിസിന്റെ അനാസ്ഥ വ്യക്തമാണ്. ഇതിന്റെ തുടര്‍ച്ചയായി മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നുണ്ടായ അസാധാരണ നീക്കം സംശയാസ്പദമാണ്. ഈ നടപടി കോടതിയലക്ഷ്യവും നിയമലംഘനവുമാണ്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷവും പ്രതിഭാഗത്തിന് അനുകൂലമാവുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനില്‍ നിന്നു തന്നെ വിശ്വാസ്യത നഷ്ടപ്പെടുന്ന നീക്കം ഉണ്ടായ സാഹചര്യത്തില്‍ ഐജി ശ്രീജിത്തിനെ മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പി പി റഫീഖ് ആവശ്യപ്പെട്ടു.

Palathayi case: IG Sreejith should be removed from the charge of investigation-Popular Front


Next Story

RELATED STORIES

Share it