Sub Lead

നീരീക്ഷണം ലംഘിക്കുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും; കേസെടുക്കും

പി സി അബ്ദുല്ല

നീരീക്ഷണം ലംഘിക്കുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും; കേസെടുക്കും
X

കല്‍പറ്റ: വിദേശ നാടുകളില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ പോലിസിന് നിര്‍ദേശം. കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും കഴിയുന്ന പ്രവാസികള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കേസ്സെടുക്കും. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളും സ്വീകരിക്കാനാണ് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ലഭിച്ച ഉത്തരവ്.

കേരളത്തിലെത്തിയ പല പ്രവാസികളും നിരീക്ഷണ നിബന്ധനകള്‍ ലംഘിക്കുന്നതായി പരിശോധനയില്‍ കണ്ടെതിയിട്ടുണ്ട്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധുക്കളും മറ്റുള്ളവരും യാതൊരു വിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന നിര്‍ദേശം പലരും പാലിക്കുന്നില്ല. വിദേശത്തു നിന്നെത്തി ഇപ്പോള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുമായി നിരീക്ഷണത്തില്‍ കഴിയുന്ന വേളയില്‍ അടുത്ത ബന്ധുക്കള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റു ജില്ലകളിലും സമാന സംഭവങ്ങളുണ്ട്. നീരീക്ഷണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഇടപഴകിയതിലൂടെ കൊവിഡ് ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ബന്ധുക്കള്‍ ഇടം പിടിച്ച സംഭവങ്ങളും പുറത്തു വന്നു. വയനാട്ടിലെ രോഗിയുടെ ആദ്യ സമ്പര്‍ക്ക പട്ടികയില്‍ രണ്ടും, രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ 15ഉം പേരെയുമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

കോയമ്പേട് നിന്നെത്തിയ സഹോദരനില്‍ നിന്ന് ചീരാല്‍ സ്വദേശിക്ക് രോഗബാധയുണ്ടായതും നിരീക്ഷണ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനാലാണെന്ന് കണ്ടെത്തി. 29കാരനും സുഹൃത്തുമാണ് ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ നിന്ന് രോഗ്വാഹകനായ സഹോദരനെ കാറില്‍ വീട്ടിലെത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃത്യമായ നിരീക്ഷണ നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, മെയ് 8നു രാത്രി തന്നെ 29കാരന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. നിരീക്ഷണ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആരോഗ്യവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നൂല്‍പ്പുഴ പോലിസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരെ ഒരു കാരണവശാലും സന്ദര്‍ശിക്കാന്‍ പാടില്ല. ഇനിയും വിദേശത്തുനിന്ന് ആളുകളെത്തുന്നുണ്ട്. രോഗസാധ്യത കണക്കിലെടുത്ത് ഇത്തരത്തില്‍ എത്തുന്നവരുമായി സമ്പര്‍ക്കം പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം.




Next Story

RELATED STORIES

Share it