Sub Lead

'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല'; പിണറായിയെ പുകഴ്ത്തി പി സി ചാക്കോ

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല;   പിണറായിയെ പുകഴ്ത്തി പി സി ചാക്കോ
X

പാലക്കാട്: കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പി സി ചാക്കോ ഇടതുമുന്നണി വേദിയില്‍. പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കോങ്ങാട് നടന്ന കണ്‍വന്‍ഷനിലാണ് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും ഇടതുസര്‍ക്കാരിനെയും പിണറായി വിജയനെയും പുകഴ്ത്തിയുമാണ് പി സി ചാക്കോ രംഗത്തെത്തിയത്. ഇഡിക്ക് പിണറായി വിജയനെ തൊടാനാവില്ലെന്നും തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ പിണറായിയെ കാത്തുസൂക്ഷിക്കും. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. അതല്ലെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലുവിളിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ആഭ്യന്തര ജനാധിപത്യമില്ല. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നത് പോലെ സീറ്റ് വീതംവയ്ക്കുകയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം മാനസികമായി യോജിക്കാനാവുന്ന സഖ്യമാണ്. മുന്നണിയില്‍ താന്‍ സംതൃപ്തനാണ്. 1980 മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇടതുപക്ഷവുമായി സഹകരിച്ച് ബിജെപിക്കെതിരേ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. കേരളത്തിന്റെ മനസ്സ് എപ്പോഴും വലതുപക്ഷത്തിനും ബിജെപിക്കും എതിരാണ്. അതുകൊണ്ട് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് ഒരു പുരോഗമന സഖ്യം ഉണ്ടാവണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന കാര്യം. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ആഭ്യന്തര ജനാധിപത്യം പൂര്‍ണമായി നശിച്ചുവെന്നതാണ് പ്രധാനം. ജനാധിപത്യ രീതിയില്‍ തീരുമാനമെടുക്കുന്ന ഒരു പാര്‍ട്ടിയായത് കൊണ്ടാണ് കോണ്‍ഗ്രസുകാരായി തന്നെ പലരും ഇപ്പോഴും നില്‍ക്കുന്നത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രണ്ടു വ്യക്തികള്‍ക്ക് വേണ്ടി പാര്‍ട്ടിയെ അടിയറവച്ചു. ആത്മാഭിമാനം ഉള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയായി. കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു. ഈ തിരഞ്ഞെടുപ്പില്‍ തോറ്റാലും പിടിച്ചുനില്‍ക്കാമെന്നോ തിരിച്ച് വരാമെന്നോ പറയാന്‍ കഴിയുന്ന ആന്തരിക ശേഷി കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

PC Chacko praises Pinarayi in LDF campaign

Next Story

RELATED STORIES

Share it