Sub Lead

മഅ്ദനിക്കെതിരേ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍: പിഡിപി

എ വിജയരാഘവന്‍ നാഴികക്ക് നാല്‍പത് വട്ടം വര്‍ഗീയത വിളിച്ച് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്ത ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടിയായി മഅ്ദനിയെ വലിച്ചിഴച്ച് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനിയും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല.

മഅ്ദനിക്കെതിരേ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍: പിഡിപി
X

തിരൂര്‍: തരാതരം പോലെ വര്‍ഗീയ പാര്‍ട്ടികളേയും സംഘ്പരിവാരിനേയും തെരഞ്ഞെടുപ്പ് വിജയത്തിന് കൂട്ടുപിടിക്കുന്ന പാര്‍ട്ടികളും നേതാക്കളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്പരം സംവദിക്കുമ്പോള്‍ പിഡിപി ചെയര്‍മാന്‍ മഅ്ദനിക്കെതിരേ തീവ്രവാദ മുദ്ര ചാര്‍ത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് പിഡിപി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

രാജ്യത്തെ ഒരു കോടതിയും നാളിതുവരെ മഅ്ദനിയുടെ മേല്‍ ഒരു വര്‍ഗീയ തീവ്രവാദ ആരോപണങ്ങളും ശരിവച്ചിട്ടില്ല. ഫാഷിസത്തിനും സംഘ്പരിവാരത്തിനുമെതിരെ മഅ്ദനി ഉയര്‍ത്തിയ ശബ്ദം പലരുടേയും ഉറക്കം കെടുത്തിയിരുന്നു എന്നത് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അതിന്റെ പേരില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിയ വര്‍ഗീയ തീവ്രവാദ ആരോപണങ്ങള്‍ മുന്നണി രാഷ്ട്രീയക്കാരും സമുദായ പാര്‍ട്ടിയും ഏറ്റെടുത്ത് വിളമ്പുന്നത് വര്‍ഗീയതയെ താലോലിക്കുന്ന തങ്ങളുടെ നിലപാടുകളെ സ്വയം ന്യായീകരിക്കാന്‍ വേണ്ടിയാണ്. തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പരസ്പരം പോരടിക്കുന്ന ഇടത് വലതു നേതാക്കള്‍ സംഘ്പരിവാരത്തിന്റെ കയ്യടി നേടാന്‍ മത്സരിച്ച് മഅ്ദനിയെ തീവ്രവാദിയാക്കാനുള്ള പുറപ്പാടിലാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അന്യായമായി കാരാഗൃഹത്തിലടക്കപ്പെട്ട മഅ്ദനിയുടെ കാര്യത്തില്‍ ഒരു ഇടപെടലും നടത്താന്‍ ശ്രമിക്കാത്തവര്‍ അവസരം കിട്ടുമ്പോഴെല്ലാം മഅ്ദനിയെ തീവ്രവാദിയാക്കാന്‍ മത്സരിക്കുന്നത് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നാഴികക്ക് നാല്‍പത് വട്ടം വര്‍ഗീയത വിളിച്ച് പറയുന്നത് വെടക്കാക്കി തനിക്കാക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്ത ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടിയായി മഅ്ദനിയെ വലിച്ചിഴച്ച് തൂക്കമൊപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനിയും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല.

അബ്ദുറഹ്മാന്‍ രണ്ടത്താണിയും, എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും, ടി എന്‍ പ്രതാപന്‍ എംപിയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ അനാവശ്യമായി മഅ്ദനിയെ ചര്‍ച്ചകളില്‍ വലിച്ചിഴച്ചത് ദുരുദ്ദേശപരമാണ്.

തികഞ്ഞ അനാരോഗ്യാവസ്ഥയില്‍ മതിയായ ചികിത്സ പോലും ലഭിക്കാതെ നീതി നിഷേധിക്കപ്പെട്ട മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും കുറ്റകരമായ മൗനം തുടരുമ്പോഴും തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം മറച്ച് പിടിക്കാന്‍ അനാവശ്യവിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ് ,സംസ്ഥാന സെക്രട്ടറി ശശി പൂവ്വന്‍ച്ചിന, ജില്ലാ സെക്രട്ടറി അഷ്‌റഫ് പൊന്നാനി, തിരൂര്‍ മണ്ഡലം പ്രസിഡന്റ് ബീരാന്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി തിരൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it