Sub Lead

''കടലില്‍ ചാടി ആത്മഹത്യ ചെയ്ത'' പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്

കടലില്‍ ചാടി ആത്മഹത്യ ചെയ്ത പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
X

മലപ്പുറം: കുറ്റബോധം മൂലം കടലില്‍ ചാടി ''ആത്മഹത്യ ചെയ്ത'' പോക്‌സോ കേസ് പ്രതി പിടിയില്‍. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ കടപ്പുറത്ത് ആത്മഹത്യക്കുറിപ്പും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും ഉപേക്ഷിച്ച് കടലില്‍ ''മുങ്ങി മരിച്ച'' മാളിയേക്കല്‍ സ്വദേശി പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യാണ് രണ്ടു മാസത്തിന് ശേഷം പിടിയിലായിരിക്കുന്നത്.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്ടുമാസം മുമ്പാണ് ഇയാള്‍ നാടുവിട്ടത്. തുടര്‍ന്ന് ബേപ്പൂര്‍ കടപ്പുറത്തെത്തി ആത്മഹത്യക്കുറിപ്പും ബാഗും വയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞ പോലിസും തീരദേശ സേനയും കടല്‍ അരിച്ചുപറുക്കിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം കിട്ടാത്തതിനാല്‍ കേസ് ക്ലോസ് ചെയ്യാതിരുന്ന പോലിസ് പ്രതിക്കായി അന്വേഷണം തുടര്‍ന്നിരുന്നു.

താന്‍ മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചെന്ന് കരുതിയ പ്രതി ഓഫ് ചെയ്തിരുന്ന ഫോണ്‍ ഓണാക്കി എറണാകുളത്തെ ഒരു പെണ്‍സുഹൃത്തിന് സന്ദേശം അയച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഈ സന്ദേശം ആരാണ് അയച്ചതെന്ന് പോലിസ് പരിശോധിക്കുകയും ഒടുവില്‍ പ്രതിയെ ആലപ്പുഴയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. ഒളിവില്‍പ്പോയ ആദ്യസമയങ്ങളില്‍ പ്രതി ആരുമായും ബന്ധപ്പെട്ടിരുന്നില്ല.

തന്റെ മരണം എല്ലാവരും സ്ഥിരീകരിച്ചെന്ന ധാരണയിലാണ് പ്രതി ഫോണ്‍ ഓണാക്കിയതും പോലിസിന്റെ വലയിലായതും. കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി അനീഷ്, എസ്‌ഐ. ശശിധരന്‍ വിളയില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അബ്ദുല്‍സലീം, വി വ്യതീഷ്, റിയാസ് ചീനി, അരുണ്‍ കുറ്റിപ്പുറത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.

ഇയാള്‍ പ്രതിയായ പോക്‌സോ കേസ് വിചാരണയുടെ അവസാനഘട്ടത്തിലാണ് ഉള്ളതെന്ന് പോലിസ് അറിയിച്ചു. പ്രതിയെ ഇനിയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പോലിസിന്റെ നിലപാട്.

Next Story

RELATED STORIES

Share it