Sub Lead

പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി: യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ യോഗം നാളെ

പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടി:  യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ യോഗം നാളെ
X

കൊച്ചി: പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടിക്കെതിരേ യുഎപിഎ വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ യോഗം നാളെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എന്‍ഐഎ, ഇഡി മുതലായ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയവിമതരെ അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ചന്ദ്രശേഖര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ അഡ്വ. ഭദ്രാകുമാരി, കണ്‍വീനര്‍ സുജഭാരതി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

'എന്‍ഐഎ, ഇഡി മുതലായ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയവിമതരെ അടിച്ചമര്‍ത്താനുള്ള നീക്കം അപലപനീയമാണ്. പോപുലര്‍ ഫണ്ടിനെതിരായ രാജ്യവ്യാപക റെയ്ഡും അറസ്റ്റും കേന്ദ്രസര്‍ക്കാരിന്റെ ഈ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കള്ളപ്പണം വെളുപ്പിച്ച് ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് സ്വരൂപിച്ചു, ഭീകര സംഘടനകളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോപ്പുലര്‍ ഫണ്ടിനെതിരായ ഭരണകൂട നടപടി എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. രാജ്യവ്യാപകമായി നടന്ന റെയ്ഡുകളെ തുടര്‍ന്ന് 11 സംസ്ഥാനങ്ങളില്‍ നിന്നായി 106 ഓളം പോപ്പുലര്‍ ഫണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പോപ്പുലര്‍ ഫണ്ടിന്റെ ദേശീയ നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ ഉണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ നിന്ന് തന്നെ ഈ ആരോപണങ്ങളിലേയും അറസ്റ്റിലേയും രാഷ്ട്രീയതാല്പര്യം വെളിവാകുന്നുണ്ട്.

ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് ജനാധിപത്യരീതിയല്ല. മനുഷ്യാവകാശ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച ഭിമാ കൊറേഗാവ് കേസില്‍ ഹാജരാക്കിയ വ്യാജ തെളിവുകള്‍ ഒന്നൊന്നായി അന്താരാഷ്ട്ര ഫോറന്‍സിക് ഏജന്‍സികളുടെ പരിശോധനയില്‍ പൊളിഞ്ഞുവീണുകൊണ്ടിരിക്കുമ്പോഴും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് എന്‍ഐഎ ചെയ്തിട്ടുള്ളത്. എന്‍ഐഎയുടെ ഈ ക്രൂരതയുടെ ഇരയായിട്ടാണ് ഫാ. സ്റ്റാന്‍സാമി തടവില്‍ കിടന്നുകൊണ്ട് രക്തസാക്ഷിത്വം വരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നുവെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്.

മുസ്ലിം സമുദായാംഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കു ശേഷംസാമാന്യ മുസ്ലിം ജനതയ്ക്കിടയില്‍ രൂപപ്പെട്ട അരക്ഷിതാവസ്ഥ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 2014 ല്‍ കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിനു ശേഷം മുസ്ലിംവിരുദ്ധ പ്രചാരണങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. അതോടൊപ്പം മുസ്ലിംവിരുദ്ധ വര്‍ഗ്ഗീയ ഉള്ളടക്കത്തോടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൌരത്വനിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഭേദഗതിനിയമം, മുതലായവ മുസ്ലിം ജനതയുടെ അരക്ഷിതാവസ്ഥ കൂടിയിട്ടുണ്ട്. . പൌരത്വഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികളും പ്രതിഷേധക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയതും ജനാധിപത്യ വിശ്വാസികളില്‍ കടുത്ത ആശങ്ക ഉളവാക്കിയിരുന്നു.. ഇത്തരം ഭരണകൂട നടപടികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളെയും അടിച്ചമര്‍ത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ പോപ്പുലര്‍ ഫണ്ടിനെതിരായിട്ടുള്ള നടപടി എന്ന് കരുതേണ്ടിയിരിക്കുന്നു. എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുവാനും നിയമവാഴ്ച്ചയെ കാറ്റില്‍ പറത്തുവാനും ഭരണകൂട ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണത വ്യാപമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്. അക്രമങ്ങളെയും വിധ്വംസകപ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നതോടൊപ്പം അകാരണമായി യു എ പി എ ചുമത്തി വിമത ചിന്തകളെ പാടെ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെ നയത്തെ ഈ സമിതി അപലപിക്കുന്നു.

അഡ്വ. പി ചന്ദ്രശേഖര്‍

ചെയര്‍പേഴ്‌സണ്‍ .

അഡ്വ. ഭദ്രാകുമാരി

വൈസ് ചെയര്‍ പേഴ്‌സണ്‍.

സുജഭാരതി

കണ്‍വീനര്‍.

Next Story

RELATED STORIES

Share it