Sub Lead

അമേരിക്കയിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട്

ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ധൃതി കൂട്ടുമ്പോള്‍, നിയമപാലകര്‍ അതേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ രീതി സാക്ഷ്യപ്പെടുത്തുന്നത്.

അമേരിക്കയിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: അമേരിക്കക്കാരിലെ സ്ഥാപനവല്‍കൃത വംശീയതക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭം ലോകത്തെ അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കുമുള്ള പ്രതീക്ഷയുടെ കിരണമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പ്രസ്താവനയില്‍ പറഞ്ഞു.

ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ളോയിഡിനെ ഒരു പോലിസുദ്യോഗസ്ഥന്‍ കൊല ചെയ്ത സംഭവം അമേരിക്കയെ പിടിച്ചുലച്ചിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട പോലിസ് അതിക്രമമല്ല. ഇതിനുത്തരവാദികളായവര്‍ക്കെതിരായ സാധാരണ ശിക്ഷാ നടപടിയിലൂടെ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന ഗുരുതരമായ അപചയങ്ങള്‍ക്ക് അറുതിവരുത്താനുമാവില്ല. അമേരിക്കയിലെ കറുത്ത വംശജര്‍ അസാധാരണ നിരക്കില്‍ പോലിസുകാരാല്‍ കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. തടവിലാക്കപ്പെടുന്ന ആഫ്രോ-അമേരിക്കക്കാരുടെ എണ്ണം വെള്ളക്കാരേക്കാള്‍ ആറുമടങ്ങ് അധികമാണ്. ഇത് തികഞ്ഞ സ്ഥാപനവല്‍കൃത വംശീയതയാണ്. ജനാധിപത്യത്തിന്റെ സ്വന്തം മാതൃക, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ധൃതി കൂട്ടുമ്പോള്‍, നിയമപാലകര്‍ അതേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ രീതി സാക്ഷ്യപ്പെടുത്തുന്നത്.

അഫ്രോ-അമേരിക്കന്‍ വംശജര്‍ നേരിടുന്ന പല പ്രശ്നങ്ങളും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടേതിനും കീഴാള വിഭാഗങ്ങളുടേതിനും സമാനമാണ്. രണ്ടു രാജ്യങ്ങളിലെയും അധികാരവും സമ്പത്തും നിയന്ത്രിക്കുന്ന അധീശവിഭാഗങ്ങളാല്‍ ഇരുകൂട്ടരും അക്രമിക്കപ്പെടുകയും വിവേചനത്തിനിരയാവുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഇന്ത്യയില്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരിലും ഭീകര നിയമങ്ങള്‍ ചാര്‍ത്തി ജയിലിലാക്കപ്പെടുന്നവരിലും സിംഹഭാഗവും മുസ്ലിംകളും ദലിതരുമാണ്.

അനീതിയോട് രാജിയാവാതെ, അധികാരികളെ കൊണ്ട് ഉത്തരം പറയിപ്പിക്കുന്നതില്‍ അമേരിക്കന്‍ ജനത പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യം വലിയ പ്രതീക്ഷ നല്‍കുന്നു. അടിച്ചമര്‍ത്തലിനും വംശീയതക്കുമെതിരേ അവര്‍ ശക്തമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. അഫ്രോ-അമേരിക്കക്കാര്‍ക്കെതിരേ നടക്കുന്ന പോലിസ് അതിക്രമങ്ങള്‍ക്കെതിരേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്. കറുത്ത വംശജര്‍ക്കെതിരേ നടക്കുന്ന വംശീയതയില്‍ ഊന്നിയ പോലിസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബ്ലാക്ക് ലീവ്സ് മാറ്റര്‍ പോലുള്ള പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ അണിനിരന്നുകൊണ്ടിരിക്കുന്നു.

ഇത്തരം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ചെയര്‍മാന്‍ ഒ എം എ സലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അമേരിക്കന്‍ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഈ ഐക്യവും ആര്‍ജ്ജവവും അമേരിക്കന്‍ സര്‍ക്കാരുകള്‍ക്കു മാത്രമുള്ള മുന്നറിയിപ്പല്ലെന്നും മറിച്ച് ലോകത്തെ മുഴുവന്‍ അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കും മുന്നറിയപ്പാണെന്നും അനീതി നീണാള്‍ വാഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it