Sub Lead

വഖ് ഫ് സമരവീര്യത്തെ ചൊല്ലി ലീഗ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പരസ്യപോര്(വീഡിയോ)

'ഈ സാധനം നട്ടെല്ലാണ്, റബ്ബറല്ല', 'പെട്രോളും തീയും കൊടുക്കാ, കത്തിക്കട്ടേ..';

വഖ് ഫ് സമരവീര്യത്തെ ചൊല്ലി ലീഗ് നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പരസ്യപോര്(വീഡിയോ)
X

കണ്ണൂര്‍: വഖ് ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട ഇടതുസര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം ലീഗ് കണ്ണൂരില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനിടെ നാടകീയരംഗങ്ങള്‍. സമരത്തിനു വീറും വാശിയുമില്ലെന്നു പറഞ്ഞ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ചില നേതാക്കള്‍ ഇതേ രീതിയില്‍ പ്രതികരിച്ചത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഴയ ബസ്റ്റാന്റ്, താലൂക്ക് ഓഫിസ്, കാല്‍ടെക്‌സ് വഴി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. കലക്ടറേറ്റിന്റെ പ്രധാന കവാടത്തില്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡ് ഇളക്കി മാറ്റാന്‍ പ്രവര്‍ത്തകരുടെ ശ്രമം നേതാക്കള്‍ ബലമായി ഇടപ്പെട്ട് തടഞ്ഞു. നേതാക്കള്‍ ആവര്‍ത്തിച്ചവശ്യപ്പെട്ടിട്ടും ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഇളക്കി മാറ്റാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിനും പരസ്യമായ പോരിനും ഇടയാക്കിയത്. മാര്‍ച്ച് പിരിച്ചുവിട്ട ശേഷം ഏതാനും പ്രവര്‍ത്തകര്‍ നേതാക്കളെ ചോദ്യം ചെയ്ത് രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഇത്തരത്തില്ല പ്രതിഷേധം നടത്തേണ്ടതെന്നും വീറും വാശിയുമില്ലെന്നും പറഞ്ഞായിരുന്നു പ്രവര്‍ത്തകരുടെ പരിഭവം. പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്നതിന് പകരം ഇവിടെ വിപ്ലവം നടത്താനല്ല വന്നതെന്ന് പറഞ്ഞ് ചില നേതാക്കള്‍ ചൂടായി സംസാരിച്ചതും പ്രശ്‌നം വഷളാക്കി.

'ഈ സാധനമുണ്ടല്ലോ, റബ്ബറല്ല' എന്നായിരുന്നു നട്ടെല്ല് ചൂണ്ടിക്കാട്ടി ഒരു പ്രവര്‍ത്തകന്റെ ചോദ്യം. പ്രസംഗം കേള്‍ക്കാനാണോ നടുറോഡില്‍ ഇരുന്നത് എന്നും ചോദ്യമുയര്‍ന്നു. എന്നാല്‍ വിപ്ലവല്ല വേണ്ടതെന്നും പാര്‍ട്ടി നേതൃത്വം പറയുന്നത് അനുസരിക്കുകയാണ് വേണ്ടത് എന്നുമായിരുന്നു ഒരു നേതാവിന്റെ മറുപടി.

'എന്നാല്‍ വേണ്ട, പെട്രോളും തീയും കൊടുക്കാം, കത്തിക്കട്ടെ എന്നായിരുന്നു ലീഗ് ജില്ലാ നേതാവ് അഡ്വ. കെ എ ലത്തീഫിന്റെ രോഷത്തോടെയുള്ള മറുപടി. 'ഒരു പരിപാടി സമാപിച്ചാല്‍ പിന്നെയും അവിടെ പോയി ബഹളം ഉണ്ടാക്കലാണോ. തോന്ന്യാസമസല്ലേ അത്. അത് പറയേണ്ടയാള്‍ പറയാത്തത് കൊണ്ടാ. നാലാള് വിചാരിച്ചാല്‍ എന്തുമാക്കാമെന്നാണോ. എത്ര ആള് ഇവിടെ കൂടിയിട്ടുണ്ട്. എത്ര നേതാക്കള്‍ ഇവിടെയുണ്ട്. ഇവരാരാ മഹാന്‍മാരാ എന്നും അഡ്വ. കെ എ ലത്തീഫ് പറയുന്നുണ്ട്. ഇതുകേള്‍ക്കുന്ന മറ്റൊരു വിപ്ലവം ഉണ്ടാക്കാനല്ലല്ലോ നമ്മളെ വിളിച്ചത്, നമ്മുടെ അവകാശത്തിനു വേണ്ടി സമരം ചെയ്യാനല്ലേയെന്നും പറഞ്ഞ് ലത്തീഫിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. പി വി സൈനുദ്ദീന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു, പോലിസും പൊതുജനവും നോക്കി നില്‍ക്കെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ നടുറോഡില്‍ പോര് നടന്നത്. അതിനു പുറമെ വഖ്ഫ് സംരക്ഷണത്തിനു വേണ്ടിയുള്ള സമരം കെ പി എ മജീജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ പുറത്തീല്‍ പള്ളി ഫണ്ട് ക്രമക്കേട് ആരോപണവും നിയമനടപടികളും നേരിടുന്ന കെ പി താഹിര്‍ സമീപത്ത് തന്നെയുണ്ടായതും ചില അണികളില്‍ മുറുമുറുപ്പുണ്ടാക്കി.

Next Story

RELATED STORIES

Share it