Sub Lead

ഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

വിദേശകാര്യ മന്ത്രാലയത്തിനും ദോഹയിലെ ഇന്ത്യന്‍ എംബസിക്കും കോടതി നോട്ടീസ് അയച്ചു.

ഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍  ഹരജി
X

ന്യൂഡല്‍ഹി: ചെക്ക് തട്ടിപ്പ് ആരോപണത്തില്‍ ഖത്തറില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പൊന്നാനി സ്വദേശി മുഹമ്മദ് കയല്‍വക്കത്ത് ബാവക്ക് ഇന്ത്യന്‍ എംബസിയുടെ നിയമ സഹായം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് കയല്‍വക്കത്ത് ബാവയുടെ പിതാവ് കുഞ്ഞിബാവ നല്‍കിയ ഹരജിയില്‍ വിദേശകാര്യ മന്ത്രാലയത്തിനും ദോഹയിലെ ഇന്ത്യന്‍ എംബസിക്കും കോടതി നോട്ടീസ് അയച്ചു.

ഖത്തറിലെ ടോട്ടല്‍ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി ഉടമകളില്‍ ഒരാളായിരുന്നു മുഹമ്മദ് കയല്‍വക്കത്ത് ബാവയെന്ന് ഹരജി പറയുന്നു. 2015 ല്‍ ആരംഭിച്ച ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പിനിടെ വണ്ടി ചെക് നല്‍കിയ കേസില്‍ ബാവയെ കോടതി പന്ത്രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചു. 2016ല്‍ ആരംഭിച്ച ശിക്ഷ 2028 ലാണ് അവസാനിക്കുന്നത്. ഇതിനിടെ 2017 ല്‍ ടോട്ടല്‍ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മുഹമ്മദ് കയല്‍വക്കത്ത് ബാവക്ക് ഉണ്ടായിരുന്ന ഓഹരികള്‍ ടി കെ കുഞ്ഞബ്ദുള്ള എന്ന വ്യക്തിക്ക് കൈമാറിയിരുന്നു. എന്നാല്‍, ബാവ ജയിലില്‍ കഴിയുമ്പോള്‍ നടന്നുവെന്ന് പറയപ്പെടുന്ന ഈ കൈമാറ്റം വ്യാജമാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജിയില്‍ പിതാവ് കുഞ്ഞിബാവ ആരോപിച്ചിരിക്കുന്നത്.

വ്യാജ രേഖകള്‍ ഉപയോഗിച്ച് ഓഹരി തട്ടിയെടുത്തവര്‍ക്കെതിരെ മകന്‍ നടത്തുന്ന നിയമ നടപടികള്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിക്കുന്നില്ല എന്നാണ് കുഞ്ഞിബാവ ആരോപിക്കുന്നത്. അതിനാല്‍ നിയമ സഹായം നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിനും, ദോഹയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കണം എന്നാണ് ആവശ്യം. ഈ ആവശ്യത്തിലാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചത്.

Next Story

RELATED STORIES

Share it