Sub Lead

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും; രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും; രാഷ്ട്രീയമായി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി പറഞ്ഞിരുന്നു. ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസ് ശ്രമം. ചോദ്യംചെയ്യലിനെ അവസരമായിക്കണ്ട പാര്‍ട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.

നാളെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എല്ലാ രാജ്ഭവനുകളും ഉപരോധിക്കും. കൂടാതെ വെള്ളിയാഴ്ച ജില്ലാ തലങ്ങളിലും പ്രതിഷേധം നടക്കും. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ രണ്ടുമുഖ്യമന്ത്രിമാരെയും എപിമാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനം പാര്‍ട്ടിക്ക് പുത്തനുണര്‍വായെന്നാണ് വിലയിരുത്തല്‍. പദയാത്ര നടത്തിയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുന്നോട്ടുപോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 11.35നാണ് രാഹുല്‍ ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയത്.

എന്നാല്‍, രാഹുലിനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. രാഹുലിനെതിരായ ഇഡി നടപടി തുടരുന്നിടത്തോളം പ്രതിഷേധം തുടരുമെന്നും ബാഗല്‍ പറഞ്ഞു. ഒരു കേസ് പോലുമില്ലാതെ ഇഡിക്ക് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാമെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ല. ഇപ്പോള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ്. രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കാനും കോണ്‍ഗ്രസിനെ മോശക്കാരാക്കാനുമാണ് ശ്രമമെന്നും ബാഗല്‍ ആരോപിച്ചു.

ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഡല്‍ഹി പോലിസിനെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. പോലിസ് ബാരിക്കേഡുകള്‍ മറികടന്ന് കായികമായി നേരിട്ടുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം തലസ്ഥാനത്ത് പതിവില്ലാത്തതാണ്. തിങ്കളാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്ത ഇഡി ഇന്നലെയും ചോദ്യം ചെയ്യല്‍ തുടര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ഭക്ഷണത്തിനുശേഷം വൈകീട്ട് 4.15 മുതലുമാണ് രാഹുലിനെ ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തത്.

മൊഴി വായിച്ചുകേട്ട് ഒപ്പിട്ടുനല്‍കിയശേഷം രാത്രി 11.20ന് രാഹുല്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച 11 മണിയോടെ ഡല്‍ഹിയിലെ ഇഡി ഓഫിസിലെത്തിയ രാഹുലില്‍നിന്ന് രാത്രി 11.45വരെ മൊഴിയെടുത്തു. ഉച്ചയ്ക്ക് 3.30ന് ഉച്ചഭക്ഷണത്തിന് പുറത്തുപോയതൊഴിച്ചാല്‍ അദ്ദേഹം ഇഡി ഓഫിസില്‍ തന്നെയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിന്റെ 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഇഡി ഓഫിസ് പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തന്‍ ഭവനിലേക്ക് പ്രവേശനം നല്‍കിയത്.

Next Story

RELATED STORIES

Share it