Sub Lead

'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000 കോടി നിക്ഷേപിച്ചത് ആരെന്ന് രാഹുല്‍ ഗാന്ധി

മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല; അദാനിയുടെ കമ്പനികളില്‍ 20000 കോടി നിക്ഷേപിച്ചത് ആരെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: മാപ്പ് പറയാന്‍ എന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൂറത്ത് കോടതി ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം. മാപ്പു പറഞ്ഞ് കേസ് അവസാനിപ്പിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനാവുകയും ചെയ്തു. ഒബിസിയെ അപമാനിച്ചെന്നാണല്ലോ ബിജെപി ആരോപിക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് എന്തിനാണ് ബിജെപിക്കു വേണ്ടി ഇത്ര പണിയെടുക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ നെഞ്ചില്‍ ബിജെപി പതാക കുത്തി വരൂ, മറുപടി നല്‍കാം. ഇങ്ങനെ മാധ്യമ പ്രവര്‍ത്തകനായി അഭിനയിക്കരുതെന്നും രാഹുല്‍ പറഞ്ഞു. ഒരൊറ്റ ചോദ്യത്തിനു മറുപടി നല്‍കുന്നതില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനാണ് തന്നെ അയോഗ്യനാക്കിയത്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20000 കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നത്. ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാന്‍ 20000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അവരുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മില്‍ അടുത്ത ബന്ധമാണ്. ഗുജറാത്തില്‍നിന്നു തുടങ്ങിയ ബന്ധമാണത്. താന്‍ ഈ ബന്ധം പാര്‍ലമെന്റില്‍ തുറന്നുകാട്ടി. അന്നു മുതലാണ് തനിക്കെതിരായ ഇപ്പോഴത്തെ നീക്കം തുടങ്ങിയത്. അയോഗ്യതയും വിദേശത്തെ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിമാര്‍ തനിക്കെതിരെ നടത്തിയ നുണപ്രചാരണവും ഇതിന്റെ ഭാഗമാണ്. തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോവില്ല. ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നത്. എനിക്ക് ആരെയും ഭയമില്ല. അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

Next Story

RELATED STORIES

Share it