Sub Lead

ഇന്ത്യയിലെ കലാപങ്ങള്‍ക്കു കാരണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരു പ്രത്യേകമതത്തെ പ്രീണിപ്പിക്കുന്നത്; യോഗിയെ പുകഴ്ത്തിയും വിഷംതുപ്പിയും യുപി ജഡ്ജി

ഇന്ത്യയിലെ കലാപങ്ങള്‍ക്കു കാരണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരു പ്രത്യേകമതത്തെ പ്രീണിപ്പിക്കുന്നത്; യോഗിയെ പുകഴ്ത്തിയും വിഷംതുപ്പിയും യുപി ജഡ്ജി
X

ലഖ്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും ഒരു പ്രത്യേക മത വിഭാഗത്തിനെതിരേ വിഷംതുപ്പിയും യുപി ജഡ്ജി. അധികാരത്തിലുള്ള മതവിശ്വാസി നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് യോഗി ആദിത്യനാഥെന്നുമായിരുന്നു യുപിയിലെ ബറേലി അഡീഷനല്‍ ജില്ലാ (ഫാസ്റ്റ് ട്രാക്ക്) കോടതി ജഡ്ജിരവികുമാര്‍ ദിവാകര്‍ പറഞ്ഞത്. ഇന്ത്യയിലെ കലാപങ്ങളുടെ പ്രധാന കാരണം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ 'ഒരു പ്രത്യേക മത'ത്തെ പ്രീണിപ്പിക്കുന്നതാണെന്നും അതുവഴി ആ പ്രത്യേക മതത്തിലെ പ്രമുഖരുടെ മനോവീര്യം വര്‍ധിക്കുകയും കലാപം ഉണ്ടാക്കിയാലും തങ്ങളെ ഒന്നും ചെയ്യില്ലെന്ന് അവര്‍ ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍, ആളുകള്‍ക്ക് നീതി ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നതും ശ്രദ്ധേയമാണ്. ഈ വസ്തുത കലാപകാരികളുടെ മനോവീര്യം വര്‍ധിപ്പിക്കുന്നു. അവര്‍ കലാപം നടത്തിയാല്‍ ശിക്ഷ ലഭിക്കുന്നത് മിക്കവാറും അസാധ്യമാണെന്നും ജഡ്ജി ദിവാകര്‍ എടുത്തുപറഞ്ഞു.

വിഖ്യാത സാഹിത്യകാരന്‍ പ്ലേറ്റോ വിവരിച്ച 'തത്ത്വചിന്തകനായ രാജാവി'നോടാണ് ജഡ്ജി മുഖ്യമന്ത്രി ആദിത്യനാഥിനെ ഉപമിച്ചത്. 'അധികാരത്തിന്റെ തലവന്‍ ഒരു മതവിശ്വാസിയായിരിക്കണം, കാരണം ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിന്റേതല്ല, ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ജീവിതമാണ്. ഇതിന് ഉദാഹരണമാണ് മഹന്ത് സിദ്ധപീഠം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പീതാദീശ്വര്‍, മഹന്ത് ബാബ ശ്രീ യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ അദ്ദേഹം മുകളില്‍ പറഞ്ഞ ആശയം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ജഡ്ജി ദിവാകര്‍ കൂട്ടിച്ചേര്‍ത്തു.

2010ല്‍ ബറേലിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി വിചാരണ നേരിടാന്‍ മുസ് ലിം പുരോഹിതനും രാഷ്ട്രീയ നേതാവുമായ മൗലാനാ തൗഖീര്‍ റാസാ ഖാനെ വിളിച്ചുവരുത്തിയാണ് ജഡ്ജി ദിവാകര്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ അപൂര്‍വമായി മാത്രമേ കലാപത്തിന് പ്രേരിപ്പിച്ച സൂത്രധാരന്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇല്ലെങ്കില്‍ ബറേലിയില്‍ മറ്റൊരു കലാപത്തിന് മൗലാന തൗഖീര്‍ പ്രേരണ നല്‍കുമായിരുന്നുവെന്നും ജഡ്ജി ദിവാകര്‍ പറഞ്ഞു. 2022ല്‍ ഗ്യാന്‍വാപി പള്ളി പരിസരത്ത് വീഡിയോഗ്രാഫിക് സര്‍വേയ്ക്ക് നിര്‍ദേശം നല്‍കിയ ജഡ്ജിയാണ് രവികുമാര്‍ ദിവാകര്‍. ഗ്യാന്‍വാപി മസ്ജിദ് കേസിലെ തന്റെ ഉത്തരവുകള്‍ നിയമപ്രകാരമാണെന്നും താനും കുടുംബാംഗങ്ങളും തന്റെ സുരക്ഷയില്‍ നിരന്തരം ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വാക്കില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം ഭയത്തിന്റെ അന്തരീക്ഷമാണ് എന്റെ കുടുംബത്തിലും എന്നിലും നിലനില്‍ക്കുന്നത്. കുടുംബത്തിലെ എല്ലാവരും പരസ്പര സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഒരാള്‍ പലതവണ ചിന്തിക്കണം. പ്രത്യേകിച്ച്, എന്റെ സുരക്ഷയെക്കുറിച്ച് അമ്മ ആശങ്കാകുലയാണ്. വാര്‍ത്താ ചാനലുകളില്‍ കാണിക്കുന്നത് പോലെ തന്നെ കൊല്ലുമോ എന്ന് മക്കളും തന്നോട് ചോദിക്കുന്നുണ്ട്. എല്ലാ വാര്‍ത്തകളും വ്യാജമാണെന്ന് പറയാന്‍ ശ്രമിക്കുമ്പോഴും സുഹൃത്തുക്കളും അച്ഛനെ കൊല്ലുമെന്ന് പറയുന്നതായി മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ അദ്ദേഹത്തിന് കുട്ടികളെ കബളിപ്പിക്കാന്‍ കഴിയില്ല. ഭയം വളരെയേറെയാണ്, കുറച്ച് കാലം മുമ്പ് ബറേലി നഗരത്തില്‍ കലാപം ഉണ്ടാക്കാന്‍ മൗലാന തൗക്കീര്‍ റാസാ ഖാന്‍ ശ്രമിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൗലാന തൗക്കീര്‍ റാസാ ഖാനും അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ വ്യക്തിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറയാന്‍ കഴിയുമ്പോള്‍ അയാള്‍ക്ക് എന്തും ചെയ്യാനാവും. ഗ്യാന്‍വാപി കേസില്‍ താന്‍ വിധി പ്രസ്താവിച്ചതുമുതല്‍ ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരുടെയും ഉദ്യോഗസ്ഥരുടെയും തന്നോടുള്ള സമീപനം മാറി. ഗ്യാന്‍വാപി കേസിലെ വിധിയിലൂടെ 'എന്തോ പാപം ചെയ്ത' പോലെ വിചിത്രമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മൗലാന തൗക്കീര്‍ റാസാ ഖാന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താത്തതിന് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it