Sub Lead

വിഖ്യാത മാധ്യമപ്രവര്‍ത്തക ബാര്‍ബറ വാള്‍ട്ടേഴ്‌സ് അന്തരിച്ചു

വിഖ്യാത മാധ്യമപ്രവര്‍ത്തക ബാര്‍ബറ വാള്‍ട്ടേഴ്‌സ് അന്തരിച്ചു
X

ന്യൂയോര്‍ക്ക്: വിഖ്യാത മാധ്യമപ്രവര്‍ത്തകയും അമേരിക്കന്‍ ടെലിവിഷന്‍ ന്യൂസ് പ്രക്ഷേപണ ചരിത്രത്തിലെ ആദ്യ വനിതാ അവതാരകയുമായ ബാര്‍ബറ വാള്‍ട്ടേഴ്‌സ് (93) അന്തരിച്ചു. അഭിമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് ബാര്‍ബറയെ ലോകപ്രശസ്തയാക്കിയത്. 1929 സപ്തംബര്‍ 25 ന് മസാച്യുസിറ്റ്‌സിലെ ബോസ്റ്റണിലാണ് ബാര്‍ബറ ജനിച്ചത്. ഒരു നൈറ്റ്ക്ലബ് ഉടമയായിരുന്ന പിതാവ് ലൂ വാള്‍ട്ടേഴ്‌സ് കലാപരിപാടികളുടെ സംഘാടകനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ബാര്‍ബറ താരങ്ങളെ അടുത്തുകണ്ടിരുന്നു. പില്‍ക്കാലത്ത് സഭാകമ്പമോ മടിയോ ഇല്ലാതെ പ്രശസ്തരെ അഭിമുഖം നടത്താന്‍ ബാര്‍ബറയെ സഹായിച്ചത് ചെറുപ്പത്തില്‍ത്തന്നെ അതിപ്രശസ്തരുമായി അടുത്തിടപഴകിയുള്ള ശീലമാണ്.

ബ്രൂക്‌ലിനിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു ബാര്‍ബറയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. 1953 ല്‍ ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് കോളജില്‍നിന്ന് ബിരുദം നേടി. 1961 മുതല്‍ എന്‍ബിസിയിലെ 'ടുഡേ' എന്ന സായാഹ്ന വാര്‍ത്താപരിപാടിയില്‍ അവതാരകയായിരുന്ന വാള്‍ട്ടേഴ്‌സ് സെലിബ്രിറ്റികളുമായും ലോകനേതാക്കളുമായും അഭിമുഖം നടത്തിയാണ് പ്രശസ്തി ആര്‍ജിച്ചത്. മാധ്യമരംഗത്ത് പുരുഷമേധാവിത്വം നിറഞ്ഞുനിന്ന 1970കളില്‍ ഒരു മില്യന്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലം വാങ്ങി എബിസി ചാനലിലെ ടോക്ക് ഷോയില്‍ സഹ അവതാരകയായി എത്തി വാള്‍ട്ടേഴ്‌സ് ചരിത്രം സൃഷ്ടിച്ചു. പലപ്പോഴും സഹ അവതാരകന്‍മാരായ പുരുഷജീവനക്കാര്‍ വാള്‍ട്ടേഴ്‌സിനെ അവഗണിക്കുകയും ലൈവ് പ്രക്ഷേപണ സമയത്ത് അവഹേളിക്കുകയും ചെയ്തിട്ടുണ്ട്. സെലിബ്രിറ്റി അഭിമുഖങ്ങളില്‍ നിസാരവും നിലവാരമില്ലാത്തതുമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന ആക്ഷേപവും വാള്‍ട്ടേഴ്‌സ് നേരിട്ടിരുന്നു.

ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, അമേരിക്കന്‍ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖമായി മാറാന്‍ വാള്‍ട്ടേഴ്‌സിന് സാധിച്ചു. സംസാരിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ ഉരുവിടാനുള്ള ബുദ്ധിമുട്ട് അവഗണിച്ചാണ് വാള്‍ട്ടേഴ്‌സ് മാധ്യമലോകം കീഴടക്കിയത്. 20/20 എന്ന എബിസി ഷോ 25 വര്‍ഷം സംപ്രേഷണം ചെയ്തിരുന്നു. 1960കള്‍ മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാരെയും പത്‌നിമാരെയുമുള്‍പ്പെടെ നിരവധി പേര്‍ ഈ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. മുഅമ്മര്‍ ഗദാഫി, ഫിദല്‍ കാസ്‌ട്രോ, സദാം ഹുസൈന്‍, മാര്‍ഗരറ്റ് താച്ചര്‍, ബോറിസ് യെല്‍സിന്‍, വഌദിമിര്‍ പുടിന്‍ തുടങ്ങി പ്രമുഖരുമായും വാള്‍ട്ടേഴ്‌സ് അഭിമുഖം നടത്തിയിട്ടുണ്ട്.

ഓസ്‌കര്‍ നോമിനി പട്ടികയിലുള്ളവരുമായി പുരസ്‌കാര നിശയില്‍ നടത്തുന്ന അഭിമുഖ പരിപാടി 29 വര്‍ഷം നടത്തിയതും വാള്‍ട്ടേഴ്‌സാണ്. സുദീര്‍ഘമായി ടിവി കരിയറിനിടെ 12 എമ്മി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് വാള്‍ട്ടേഴ്‌സ്. 1996 ല്‍ ടിവി ഗൈഡ് പുറത്തുവിട്ട, എക്കാലത്തെയും മികച്ച 50 ടിവി അവതാരകരുടെ പട്ടികയില്‍ വാള്‍ട്ടേഴ്‌സ് 34ാം സ്ഥാനത്തെത്തി. 2000 ല്‍ നാഷനല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് ആന്റ് സയന്‍സില്‍നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.

Next Story

RELATED STORIES

Share it