Sub Lead

കുറ്റ്യാടി- വയനാട് ചുരം റോഡില്‍ രാത്രി യാത്രക്ക് നിയന്ത്രണം

കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയും ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായമഴയും മണ്ണിടിച്ചിലും ഉണ്ടായതായി റിപോര്‍ട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിയാടി ചുരത്തില്‍ രാത്രി ഗതാഗത നിരോധനം.

കുറ്റ്യാടി- വയനാട് ചുരം റോഡില്‍ രാത്രി യാത്രക്ക് നിയന്ത്രണം
X

കോഴിക്കോട്: ഇന്നു രാത്രിയില്‍ കുറ്റിയാടി വയനാട് ചുരം റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ച് ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയും ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായമഴയും മണ്ണിടിച്ചിലും ഉണ്ടായതായി റിപോര്‍ട്ട് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിയാടി ചുരത്തില്‍ രാത്രി ഗതാഗത നിരോധനം. ദുരന്തനിവാരണനിയമം സെക്ഷന്‍ 36 പ്രകാരമാണ് ഉത്തരവ്.

കനത്ത മഴയില്‍ കുറ്റിയാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി. മൂന്നാം വളവില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പത്ത് കുടുംബങ്ങളെ ചാത്തന്‍കോട്ട്‌നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ്ജ് പറഞ്ഞു.

തൊട്ടില്‍പാലം വയനാട് ചുരം റോഡില്‍ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിങ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളില്‍ മഴതുടര്‍ന്നാല്‍ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാലുമാണ് നടപടി.

മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോര മേഖലകളിലേക്കും പ്രത്യേകിച്ച് ചുരത്തിലേക്കുമുള്ള യാത്രകളും രാത്രി യാത്രകളും പരമാവധി ഒഴിവാക്കുകയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ നവംബര്‍ 2,3,4 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു വൈകീട്ടുണ്ടായ കനത്ത മഴയില്‍ താമരശ്ശേരി താലൂക്കില്‍ അടിവാരം പൊട്ടിക്കൈ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പുഴയില്‍നിന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. മഴ ശമിച്ചതോടെ അര മണിക്കൂറിനുള്ളില്‍ വെള്ളമിറങ്ങുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍, തഹസില്‍ദാര്‍ സി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നിലവില്‍ ആരെയും പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമില്ല.

വടകര താലൂക്കില്‍ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു.

പനങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ തോരാട്മലയില്‍ ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് തോരാട്മലയില്‍ ജലാലുദ്ദീന്റെ വീടിന് കേടുപറ്റി. ബാലുശ്ശേരി തലയാട് റോഡിന്റെ വശം ഇടിഞ്ഞ് വീടിന് പിന്നിലേക്ക് പതിക്കുകയായിരുന്നു. മഴവെള്ളപ്പാച്ചിലില്‍ സമീപപ്രദേശങ്ങളായ പാലംതല, ആനക്കുണ്ടുങ്ങല്‍പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടികൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ കെ.പി.സഹീര്‍ മാസ്‌ററര്‍, പഞ്ചായത്തംഗം കെ.പി.ദിലീപ്കുമാര്‍, വില്ലേജ് അധികൃതര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it