- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ്‌ലിം ഹൃദയങ്ങളെ കീറിമുറിച്ചാണ് രാമക്ഷേത്രത്തിനു തറയൊരുക്കുന്നത്'; കോണ്‍ഗ്രസ്സിനെതിരേ വിമര്‍ശനവുമായി സമസ്ത
'രാജീവ് ഗാന്ധി രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് ബാബരി മസ്ജിദ് തുറന്നുകൊടുത്തത്. മൃദുഹിന്ദുത്വനയം തന്നെ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞു പോകുന്ന കാലം വിദൂരമായിരിക്കില്ല'. മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം. മതേതര സമൂഹം പ്രതീക്ഷിക്കാത്ത നടപടിയാണ് കോണ്‍ഗ്രസിന്റേതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗമെഴുതി. ഇത് കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാത്തത് എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം.

'രാജീവ് ഗാന്ധി രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് ബാബരി മസ്ജിദ് തുറന്നുകൊടുത്തത്. കോണ്‍ഗ്രസ് കൈകൊണ്ട നിലപാട് മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിട്ടായിരുന്നുവെങ്കില്‍ അതിന്റെ നേട്ടമുണ്ടാക്കിയത് തീവ്രഹിന്ദുത്വ രാഷ്ട്രീയമായിരുന്നു. ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ മതേതര ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ജനതയ്ക്ക് പുതിയൊരു ദിശാബോധം നല്‍കേണ്ടതിനു പകരം മൃദുഹിന്ദുത്വനയം തന്നെ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞു പോകുന്ന കാലം വിദൂരമായിരിക്കില്ല'. മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.
മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ഗാന്ധി വധത്തിനു ശേഷം ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ പ്രഹരമെന്നാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ലോകനേതാക്കള്‍ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പിറവി മുതല്‍ ആ പാര്‍ട്ടിയെ ഹിന്ദുമഹാസഭയുടെ ആശയങ്ങളുമായി സമന്വയിപ്പിക്കാന്‍ മദന്‍ മോഹന്‍ മാളവ്യയെപ്പോലുള്ള നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ സമര്‍ഥമായി തടഞ്ഞു നിര്‍ത്തുന്നതില്‍ മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം കോണ്‍ഗ്രസിന്റെ നെറ്റിത്തടത്തില്‍ പതിപ്പിച്ച സുവര്‍ണ മുദ്രയായിരുന്നു ഇന്ത്യന്‍ മതേതരത്വം. ആ മുദ്രയാണിന്ന് അധികാര രാഷ്ട്രീയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ മായ്ച്ചുകൊണ്ടിരിക്കുന്നത്.
മധ്യപ്രദേശില്‍ 24 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അവസരത്തിലാണ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന്റെയും മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ദ്വിഗ് വിജയ് സിങ്ങിന്റെയും പ്രശംസാ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്തു ക്ഷേത്രം പണിയുന്നതെന്ന കമല്‍നാഥിന്റെ പ്രസ്താവന എന്തുമാത്രം ബാലിശമാണ്. ഇന്ത്യയിലെ പതിനേഴ് കോടി മുസ്‌ലിംകളുടെ ഹൃദയങ്ങളെ കീറിമുറിച്ചാണ് ക്ഷേത്രത്തിനു തറയൊരുക്കുന്നതെന്ന് ഏതാനും സീറ്റുകള്‍ക്കു വേണ്ടി കമല്‍നാഥ് ഓര്‍ക്കാതെ പോയി. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നായിരുന്നു രാജീവ് ഗാന്ധിയും ആഗ്രഹിച്ചിരുന്നതെന്ന് ദ്വിഗ് വിജയ് സിങ്ങും പറയുന്നു. അത്തരമൊരാഗ്രഹം രാജീവ് ഗാന്ധി ദ്വിഗ് വിജയ് സിങ്ങുമായി പങ്കുവച്ചിരുന്നോ? ബാബരിയുടെ തകര്‍ച്ചയുടെയും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ ഭൂമികയില്‍ വേരോട്ടമുണ്ടാക്കിയതിന്റെയും അടിസ്ഥാന കാരണം വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന ബാബരി മസ്ജിദിന്റെ കവാടം രാജീവ് ഗാന്ധി സംഘ്പരിവാറിനു പൂജയ്ക്കും ശിലാസ്ഥാപനത്തിനുമായി തുറന്നുകൊടുത്തതിലൂടെയാണെന്നത് ചരിത്രപാഠമാണ്. ആ ചരിത്രപാഠം ഉള്‍ക്കൊള്ളുകയാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം വേണ്ടത്. രാജീവ് ഗാന്ധി രാഷ്ട്രീയലാഭത്തിനു വേണ്ടിയാണ് ബാബരി മസ്ജിദ് തുറന്നുകൊടുത്തത്. കോണ്‍ഗ്രസ് കൈകൊണ്ട നിലപാട് മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിട്ടായിരുന്നുവെങ്കില്‍ അതിന്റെ നേട്ടമുണ്ടാക്കിയത് തീവ്രഹിന്ദുത്വ രാഷ്ട്രീയമായിരുന്നു. ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളായ മതേതര ജനാധിപത്യ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ജനതയ്ക്ക് പുതിയൊരു ദിശാബോധം നല്‍കേണ്ടതിനു പകരം മൃദുഹിന്ദുത്വനയം തന്നെ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ അടയാളം മാഞ്ഞു പോകുന്ന കാലം വിദൂരമായിരിക്കില്ല.തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും വച്ചുനീട്ടുമ്പോള്‍ തീവ്രഹിന്ദുത്വത്തിനായിരിക്കും സ്വീകാര്യത എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.
കോണ്‍ഗ്രസിന്റെ ജീവശ്വാസമായ മതേതര ജനാധിപത്യ മൂല്യങ്ങള്‍ തിരികെപ്പിടിക്കാതെ ഏതാനും നിയമസഭാ സീറ്റുകള്‍ക്കു വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമല്‍നാഥിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ പിഴുതെറിയാത്ത കാലത്തോളം കോണ്‍ഗ്രസ് കരകയറാന്‍ പോകുന്നില്ല. തളികയിലെന്നവണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം, മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിര്‍ത്താന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് നേതാവാണ് കമല്‍നാഥ്. അടുത്തു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചാലും ബി.ജെ.പി വച്ചുനീട്ടുന്ന കോടികള്‍ക്കു പിന്നാലെ അവര്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്? അതാണല്ലോ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കമല്‍നാഥിനെയും ദ്വിഗ് വിജയ് സിങ്ങിനെയും പോലെയുള്ള നേതാക്കള്‍ ആ പാര്‍ട്ടിയില്‍ തുടരുന്ന കാലത്തോളം നാളെ ഇന്ത്യയില്‍ കോണ്‍ഗ്രസ് തന്നെ ഉണ്ടാകാനിടയില്ല.ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയെ തുറന്നുകാട്ടുന്നതിനു പകരം അവരോടൊപ്പം ചേര്‍ന്നുപോകുന്ന രാഷ്ട്രീയനയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല? എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് കഴിഞ്ഞവര്‍ഷം നടത്തിയ പ്രസ്താവനയും ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ ബി.ജെ.പിക്ക് ആത്മാര്‍ഥതയില്ലെന്നും കോണ്‍ഗ്രസിനു ഭരണം കിട്ടിയാല്‍ രാമക്ഷേത്രം പണിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കളാരും അന്നു ഹരീഷ് റാവത്തിനെതിരേ രംഗത്തുവന്നില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയ കാരണം വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട സമിതിയായിരുന്നു എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ന്യൂനപക്ഷവുമായി അടുത്തുനില്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായയാണ് കോണ്‍ഗ്രസിന്റെ പരാജയ കാരണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. അല്ലാതെ എ.കെ ആന്റണിയെപ്പോലുള്ള പഴയ പടക്കുതിരകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ എല്ലാം രാഹുല്‍ ഗാന്ധിയുടെ ചുമലില്‍ കെട്ടിവച്ചതു കൊണ്ടായിരുന്നില്ല. എ.കെ ആന്റണി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോണ്‍ഗ്രസില്‍നിന്ന് ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ ആ റിപ്പോര്‍ട്ട് തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇതിനായി ഒരു തിരുത്തല്‍ ശക്തിയായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മേല്‍ സംഘ്പരിവാര്‍ പ്രതിച്ഛായ ആരോപിക്കപ്പെട്ടിട്ടും അതു മുഖവിലക്കെടുക്കാതിരുന്നത്, അദ്ദേഹത്തിന്റെ വിദ്യാര്‍ഥി ജീവിതം തൊട്ടുള്ള പൊതുജീവിതം പൊതുസമൂഹത്തിനു മുന്നില്‍ തുറന്ന പുസ്തകമായി നിലകൊള്ളുന്നതു കൊണ്ടാണ്. ഈ ആര്‍ജവം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. അങ്ങനെയൊരു പാരമ്പര്യം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍ മതനിരപേക്ഷതയാണെന്നു പറഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിസ്മരിക്കുന്നുവെങ്കില്‍ എന്തു പറയാന്‍
RELATED STORIES
ഉത്തരാഖണ്ഡിലെ കശ്മീരികള്‍ സ്ഥലം വിടണമെന്ന് ഹിന്ദുത്വ സംഘടന
24 April 2025 12:22 PM GMTസീ സ്കിമ്മിങ് മിസൈല്‍ വേധ സംവിധാനം പരീക്ഷിച്ച് നാവികസേന
24 April 2025 11:48 AM GMTഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ച്...
24 April 2025 11:37 AM GMTകപ്പലില്‍ വച്ച് നാലര വയസുകാരനെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍
24 April 2025 11:22 AM GMTറെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്‍ത്ത...
24 April 2025 11:05 AM GMTഗസക്കു നേരേ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഇന്നു പുലര്‍ച്ചെ...
24 April 2025 9:55 AM GMT