Sub Lead

സനാതന്‍ ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗേയ്ക്കുമെതിരേ യുപിയില്‍ കേസ്

സനാതന്‍ ധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗേയ്ക്കുമെതിരേ യുപിയില്‍ കേസ്
X

ലഖ്‌നോ: സനാതന്‍ ധര്‍മത്തെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും പ്രസ്താവനയെ പിന്തുണച്ചതിന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരേയും യുപി പോലിസ് കേസെടുത്തു. രാംപുരിലെ സിവില്‍ലൈന്‍സ് പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, രാംസിങ് ലോധി എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന്‍ ധര്‍മ്മത്തെ വിമര്‍ശിക്കുകയും ഡെങ്കിപ്പനിയും മലേറിയയും പോലുള്ള രോഗങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തത്. ഇതിനെതിരേ സംഘപരിവാരം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് 'സമത്വത്തെ പ്രോല്‍സാഹിപ്പിക്കാത്തതും മനുഷ്യനെന്ന അന്തസ്സ് നിങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാത്തതുമായ ഒരു മതവും എന്റെ അഭിപ്രായത്തില്‍ ഒരു മതമല്ല' എന്നുപറഞ്ഞ് ഡിഎംകെ നേതാവിന്റെ പരാമര്‍ശത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനുമായി പ്രിയങ്കാ ഖാര്‍ഗെ രംഗത്തെത്തിയത്. ഇതിനെതിരേയാണ് യുപി പോലിസ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളത്.

'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദയ് നിധി സ്റ്റാലിന്റെ പരാമര്‍ശം. ഡിഎംകെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഐപിസി 153 എ (വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Next Story

RELATED STORIES

Share it