Sub Lead

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല; യുപി തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന 700 ഓളം അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന അധ്യാപക സമിതിയുടെ ഹരജി പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സുപ്രിംകോടതി ആഞ്ഞടിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല; യുപി തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്നുപിടിക്കുന്ന ഉത്തര്‍പ്രദേശില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. കൊവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്നതിനിടെ വോട്ടെണ്ണലുമായി മുന്നോട്ടുപോവുമെന്ന കമ്മീഷന്റെ നിലപാടാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. വോട്ടെണ്ണല്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടിവച്ചാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷമായ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന 700 ഓളം അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന അധ്യാപക സമിതിയുടെ ഹരജി പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സുപ്രിംകോടതി ആഞ്ഞടിച്ചത്. സംസ്ഥാനത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ വൈകിപ്പിച്ചുകൂടെ എന്ന് സുപ്രിംകോടതി ചോദിച്ചു. സാഹചര്യമുണ്ടായിട്ടും നിങ്ങള്‍ക്ക് ഇതുമായി മുന്നോട്ടുപോവേണ്ടതുണ്ടോ ?.

മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം നിങ്ങള്‍ക്ക് വോട്ടെണ്ണല്‍ നടത്തിക്കൂടേ ? എല്ലാ പ്രതിബന്ധങ്ങള്‍ക്കിടയിലും നിങ്ങള്‍ക്ക് ഇനിയും മുന്നോട്ടുപോവണോ ?. വോട്ടെണ്ണല്‍ മൂന്നാഴ്ച നീട്ടിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും കോടതി ശക്തമായ ഭാഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. എന്നാല്‍, വോട്ടെണ്ണലുമായി മുന്നോട്ടുപോവാനാണ് ഞങ്ങളുടെ തീരുമാനമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ടെണ്ണല്‍ മാറ്റുന്നത് സംബന്ധിച്ച് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഒരു നിവേദനം നല്‍കിയിട്ടുണ്ട്. അവര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ എങ്ങനെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും- കോടതി കമ്മീഷനോട് ആരാഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് വോട്ടെണ്ണല്‍ പ്രക്രിയ നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തില്‍ ഓക്‌സിമീറ്റര്‍ പരിശോധന നടത്തും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കുള്ളിലും പുറത്തും ജനക്കൂട്ടത്തെ അനുവദിക്കില്ല. ഓരോ ഷിഫ്റ്റിനുശേഷവും കേന്ദ്രങ്ങള്‍ ശുചീരിക്കും. സാമൂഹിക അകലം പാലിക്കുകയും താപ പരിശോധന നടത്തുകയും ചെയ്യും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 75 പേരുണ്ടാവും.

മൊത്തം 829 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വിജയാ ഘോഷയറാലികള്‍ നിരോധിച്ചിട്ടുണ്ടെന്നും യുപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകയും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ ഐശ്വയ ഭാട്ടി കോടതിയെ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഓരോ ജില്ലയിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയോട് പറഞ്ഞു. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

കൊവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടാവുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ഈ നിര്‍ദേശങ്ങളെല്ലാം പാലിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പ്രക്രിയയുമായി മുന്നോട്ടുപോവാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ത്തര്‍പ്രദേശില്‍ നാല് ഘട്ടങ്ങളായുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്.

Next Story

RELATED STORIES

Share it