Sub Lead

മതനിരപേക്ഷത എന്നും ഭരണഘടനയുടെ ഭാഗം: സുപ്രിംകോടതി

ഇന്ത്യ മതനിരപേക്ഷ രാജ്യമാവുന്നതിനോട് എന്താണ് ഇത്രയും വിരോധമെന്നും വാദം കേള്‍ക്കലിനിടെ ഹരജിക്കാരോട് കോടതി ചോദിച്ചു.

മതനിരപേക്ഷത എന്നും ഭരണഘടനയുടെ ഭാഗം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: മതനിരപേക്ഷത എന്നും ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രിംകോടതി. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സെക്യുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ എടുത്തുമാറ്റണണെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. ഹിന്ദുത്വ നേതാക്കളായ സുബ്രമണ്യം സ്വാമി, ബല്‍റാം സിങ്, അശ്വിനി ഉപാധ്യായ എന്നിവര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

ഭരണഘടനാ നിര്‍മാണ സഭ 1949 നവംബര്‍ 26ന് അംഗീകാരം നല്‍കിയ ഭരണഘടനയില്‍ ഈ രണ്ടു വാക്കുകളും ഇല്ലെന്ന് സുബ്രമണ്യം സ്വാമി വാദിച്ചു. രണ്ടു വാക്കുകള്‍ 1976ലാണ് ഉള്‍പ്പെടുത്തിയത്. അപ്പോള്‍ പഴയ ഭരണഘടനയുടെ ആമുഖത്തില്‍ എങ്ങിനെയാണ് പുതിയ രണ്ടു വാക്കുകള്‍ ചേര്‍ക്കുകയെന്ന് സുബമണ്യം സ്വാമി ചോദിച്ചു.

ഈ രണ്ടു വാക്കുകളും 1976ലെ ഭേദഗതിയിലൂടെയാണ് ഉള്‍പ്പെടുത്തിയതെന്ന് ഭരണഘടനയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജിവ് ഖന്ന ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡത, ഐക്യം എന്നീ വാക്കുകളും പിന്നീട് ഭേദഗതികളിലൂടെയാണ് കൂട്ടിചേര്‍ത്തിരിക്കുന്നതെന്നും ജസ്റ്റിസ് ഖന്ന വിശദീകരിച്ചു.

ഇന്ത്യ മതനിരപേക്ഷ രാജ്യമാവുന്നതിനോട് എന്താണ് ഇത്രയും വിരോധമെന്നും വാദം കേള്‍ക്കലിനിടെ ഹരജിക്കാരോട് കോടതി ചോദിച്ചു. എന്നാല്‍, ഭരണഘടനാ ഭേദഗതിയെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ മറുപടി നല്‍കി. സോഷ്യലിസം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിന് ഡോ.ബി ആര്‍ അംബേദ്ക്കര്‍ എതിരായിരുന്നു എന്ന് ഹരജിക്കാരനായ വിഷ്ണു ശങ്കര്‍ ജയിന്‍ വാദിച്ചു.എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളുണ്ടാവണമെന്നും രാജ്യത്തെ സമ്പത്ത് തുല്യമായി വീതിക്കപ്പെടണമെന്നും സോഷ്യലിസം എന്ന വാക്കിനെ വ്യാഖ്യാനിക്കാവുന്നതാണെന്ന് ജസ്റ്റീസ് ഖന്ന മറുപടി നല്‍കി.

Next Story

RELATED STORIES

Share it