Sub Lead

എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്

എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
X

കോഴിക്കോട്: എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 (ചൊവ്വ, ബുധന്‍) തിയ്യതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബീച്ചിനു സമീപം ഷഹീദ് കെ എസ് ഷാന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട് യാര്‍ഡ്‌സ്) 19 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭയ്ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മറ് ഷെഫി ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ സാമൂഹിക ഘടനയെ ഇളക്കി മറിക്കാന്‍ ഉതകുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണം ആണ് സംഘപരിവാര്‍ നടത്തുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. തൃശ്ശൂര്‍ ഉണ്ടാക്കിയ പോലെ ഒരു അവിശുദ്ധ ഡീല്‍ ആണ് പാലക്കാട് ബിജെപിയൂം സിപിഎമ്മും ഉണ്ടാക്കിയിരിക്കുന്നത്. ഇത് ജാഗ്രത പാലിക്കേണ്ട സമയം ആണ്. മണിപ്പൂരില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നവര്‍ കേരളത്തില്‍ ക്രിസ്ത്യാനികളെ മുസ്ലിംകള്‍ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്.

എസ്ഡിപിഐക്കെതിരെ പലതരം വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ പോലിസ് നിഷ്‌ക്രിയമാണ്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ പോലിസ് നിഷ്‌ക്രിയര്‍ ആണ്. നമ്മള്‍ ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. എസ്ഡിപിഐ പ്രതിനിധി സഭ ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്യും. സാദിഖലി തങ്ങള്‍ക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിന് എസ്ഡിപിഐ അല്ല മറുപടി നല്‍കേണ്ടത്. മുഖ്യമന്ത്രിക്കെതിരേയും മകള്‍ക്ക് എതിരെയും ആരോപണം വരുമ്പോള്‍ അതിനെ മറച്ചു പിടിക്കാന്‍ ആണ് എസ്ഡിപിഐക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത് എക്കാലവും പയറ്റിയ രീതി തന്നെയാണ്.

പാലക്കാട് ബിജെപി വരാതിരിക്കാന്‍ ആണ് യുഡിഎഫിന് പിന്തുണ നല്‍കുന്നത്. അത് യുഡിഎഫുമായി ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനം അല്ല. അത് എസ്ഡിപിഐയുടെ രാഷ്ട്രീയ നിലപാട് ആണ്. ചേലക്കരയിലെ തീരുമാനം മറ്റൊന്നാണ്. പ്രതിപക്ഷം എന്ന ധര്‍മം യുഡിഎഫ് നിര്‍വഹിക്കാത്തത് ആണ് അതിന് കാരണം. പാലക്കാട് പള്ളിയില്‍ എസ്ഡിപിഐ നോട്ടീസ് വിതരണം ചെയ്തു എന്നത് സ സുരേന്ദ്രനെ പോലുള്ളവരുടെ വ്യാജ പ്രചാരണമാണ്. ജനങ്ങള്‍ ഉള്ളിടതെല്ലാം നോട്ടീസ് വിതരണം ചെയ്യും. കള്ളപ്പണം ഉപയോഗിച്ചെന്ന് ആരോപണമുള്ള സുരേന്ദ്രന്‍ ഇപ്പോഴും വര്‍ഗീയ പ്രചാരണം നടത്തുകയാണ്. ഇതും പോലിസിന്റെ കഴിവ് കേടാണ്.മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നത്തില്‍ കുടുംബങ്ങളെ സംരക്ഷിക്കണം, വഖ്ഫ് ഭൂമി സംരക്ഷിക്കണം, കുറ്റം ചെയ്തവരെ ശിക്ഷിക്കണം എന്ന നിലപാട് ആണ് എസ്ഡിപിഐക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

2024- 2027 കാലയളവിലേക്കുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളെയും സംസ്ഥാന ഭാരവാഹികളെയും പ്രതിനിധി സഭ തിരഞ്ഞെടുക്കും. പ്രതിനിധി സഭയില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുംബെ , ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, സെക്രട്ടറിയേറ്റംഗം സി പി എ ലത്തീഫ്, പ്രവര്‍ത്തക സമിതിയംഗങ്ങളായ ദഹലാന്‍ ബാഖവി, സഹീര്‍ അബ്ബാസ്, സംസാരിക്കും. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട്, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട്, ആനുകാലിക വിഷയങ്ങളില്‍ പ്രമേയങ്ങള്‍, ചര്‍ച്ചകള്‍ നടക്കുമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. പ്രതിനിധി സഭയുടെ സമാപന ദിനമായ 20 ന് വൈകീട്ട് 4.30 ന് പുതിയ ഭാരവാഹികള്‍ക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബീച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വീകരണം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.





Next Story

RELATED STORIES

Share it