Sub Lead

മലബാറിനോടുള്ള മുന്നണികളുടെ അവഗണന: തിരൂരങ്ങാടി എംഎല്‍എയുടെ ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തി

മലബാറിനോടുള്ള മുന്നണികളുടെ അവഗണന: തിരൂരങ്ങാടി എംഎല്‍എയുടെ ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച് നടത്തി
X

തിരൂരങ്ങാടി: മലപ്പുറത്തോടുള്ള വിദ്യാഭ്യാസ അവഗണനയ്ക്കും മലബാറിനോടുള്ള മുന്നണികളുടെ അവഗണനയ്ക്കുമെതിരെ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി എംഎല്‍എ കെ പി എ മജീദിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റിയംഗം ഫത്താഹ് മാസ്റ്റര്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. കാലങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ മലപ്പുറം ജില്ലയോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന നയങ്ങളാണ് ഇരുമുന്നണികളും അനുവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി പഠനത്തിന് സീറ്റ് ലഭിക്കാതെ നില്‍ക്കുമ്പോഴും ജില്ലയിലെ ജനപ്രതിനിധികള്‍ നിശബ്ദമായിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ഓഫിസിലേക്കും മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹമീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നം വെറും 65 ശതമാനം വരുന്ന മുസ് ലിംകളുടെ മാത്രം വിഷയമല്ല. ബാക്കിവരുന്ന 35 ശതമാനം വരുന്ന ഇതര വിഭാഗത്തിന്റെയും കൂടി പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. 21 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ് ലിം ലീഗിന് ഈ അവഗണനയുടെ പാപഭാരത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ധേഹം പറഞ്ഞു.

എംഎല്‍എ ഓഫിസിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞ പോലിസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ തിരൂരങ്ങാടി പോലിസ് കേസെടുത്തിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് ജാഫര്‍ തിരൂരങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി, അക്ബര്‍ പരപ്പനങ്ങാടി സംസാരിച്ചു. ഹബീബ് തിരൂരങ്ങാടി, മുഹമദലി, കെ സിദ്ദീഖ് നേതൃത്വം നല്‍കി. അതേസമയം, മാനദണ്ഡങ്ങളെല്ലാം പാലിച്ച് നടത്തിയ മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ പകപോക്കുന്ന തരത്തിലുള്ള നടപടികളാണ് തിരൂരങ്ങാടി പോലിസ് നടത്തിയതെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റും കേസുമെന്നും എസ്ഡിപിഐ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

പ്രതിഷേധ സമരങ്ങളടക്കം വലിയ ഭീകരസംഭവമാക്കി ചിത്രീകരിച്ച് ജില്ലയിലുടനീളം കേസുകള്‍ എടുക്കാന്‍ ഉത്തരവ് ഇറക്കുന്ന മലപ്പുറം എസ്പിയുടെ നടപടി ദുരൂഹമാണ്. വ്യാപകമായ കേസുകള്‍ എടുത്ത് നിസ്സാര വകുപ്പെന്ന് വരുത്തി പിഴ ശിക്ഷ ചുമത്തുന്നത് സംശയം ജനിപ്പിക്കുകയാണ്. കേസെടുത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ പോലും കേസ് എത്താതെ കോടതി ജൂനിയര്‍ സൂപ്രണ്ടിന്റെ മുന്നില്‍ പിഴ ഈടാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. സര്‍വേ നടത്തിയാല്‍ ജില്ലയിലെ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുതല്‍ കാണിച്ച് മലപ്പുറം ജില്ല പ്രശ്‌നബാധ്യത പ്രദേശമാണന്ന് വരുത്തിത്തീര്‍ക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് മലപ്പുറം എസ്പിയുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും നടപടികളിലൂടെ വെളിപ്പെടുന്നതെന്ന് മണ്ഡലം നേതാക്കളായ ജാഫര്‍ ചെമ്മാട്, ഉസ്മാന്‍ ഹാജി എന്നിവര്‍ പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it