Sub Lead

ശാഹീന്‍ ബാഗ് പ്രക്ഷോഭകര്‍ക്ക് ബിരിയാണി ലഭിക്കുന്നത് വിദേശ ഫണ്ടിലൂടെയെന്ന് ബിജെപി നേതാവ്

ശാഹീന്‍ ബാഗിലും പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത പുരുഷന്‍മാരും സ്ത്രീകളുമാണെന്നും അദ്ദേഹം പരിഹസിച്ചു

ശാഹീന്‍ ബാഗ് പ്രക്ഷോഭകര്‍ക്ക് ബിരിയാണി ലഭിക്കുന്നത് വിദേശ ഫണ്ടിലൂടെയെന്ന് ബിജെപി നേതാവ്
X
കൊല്‍ക്കത്ത: ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത പുരുഷന്‍മാരും സ്ത്രീകളുമാണെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് സമരക്കാരെ പരിഹസിച്ച് ദിലീപ് ഘോഷ് രംഗത്തെത്തിയത്. ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ പുരുഷന്‍മാരെയും സ്ത്രീകളെയുമാണ് റോഡുകളില്‍ ഇരുത്തിയിട്ടുള്ളത്. ഇതിനുപകരം അവര്‍ക്ക് എല്ലാ ദിവസവും പണം ലഭിക്കുന്നുണ്ട്. വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബിരിയാണിയാണ് അവര്‍ക്ക് കൊടുക്കുന്നത്. ഡല്‍ഹിയിലെ ശാഹീന്‍ ബാഗോ കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസോ ആവട്ടെ, ചിത്രം എല്ലായിടത്തും ഒരുപോലെയാണ്. ബ്രിന്ദ കാരാട്ട്, പി ചിദംബരം എന്നിവരെപ്പോലുള്ളവര്‍ ഈ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു. ചില വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ അവരുടെ കുട്ടികളെയുമെടുത്ത് അവിടെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിഎഎ-എന്‍ആര്‍സി-എന്‍പിആറിനെതിരേ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ബിജെപിയെ പരിഭ്രാന്തരാക്കിയെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. സിപിഎം നേതാക്കളും പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായെത്തി. 'മൗലിക യാഥാര്‍ഥ്യത്തെക്കുറിച്ച് മിനിമം ബോധമുള്ള ഒരു വ്യക്തിക്കും ഈ സ്ത്രീകളെക്കുറിച്ച് അത്തരം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു.

ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപിയുടെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ത ചാറ്റര്‍ജി പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും ഘോഷ് അറിയിച്ചു. രാജ്യതലസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമാണ് ഡല്‍ഹിയിലെ ശാഹീന്‍ ബാഗ്. നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് രണ്ടുമാസമായി ഇവിടെ പ്രതിഷേധിക്കുന്നത്.


Shaheen Bagh Protesters Get Biryani Through 'Foreign Funds': BJP's Dilip Ghosh




Next Story

RELATED STORIES

Share it