Sub Lead

ഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും

ഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും
X
മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്. പ്രതികള്‍ സിദ്ദീഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കുകയും ഈസമയം ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണമെന്നും മലപ്പുറം എസ് പി സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സംശയിച്ചതുപോലെ തന്നെ ഹണി ട്രാപ്പാണിത്. ഫര്‍ഹാന എടുത്തുനല്‍കിയ ചുറ്റിക കൊണ്ട് ഷിബിലിയാണ് തലക്കടിച്ചത്. ഫര്‍ഹാന നേരത്തേ ചുറ്റിക കരുതിയിരുന്നു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതോടെ വാരിയെല്ല് തകര്‍ന്നു. മൂന്നുപേരും തുടര്‍ച്ചയായി സിദ്ദീഖിനെ ആക്രമിച്ചു. തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള തയ്യാറെടുപ്പുകളോടെയാണ് പ്രതികള്‍ എത്തിയതെന്നും മലപ്പുറം എസ് പി സുജിത് ദാസ്. തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായ ഫര്‍ഹാനയെയും ഷിബിലിയെയും ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പിടിയിലായ ആഷിഖിനെയും തെളിവെടുപ്പിന് കൊണ്ടുപോവും. ഫര്‍ഹാനയെയും ഷിബിലിയെയും കൊണ്ട് പെരിന്തല്‍മണ്ണ ഭാഗത്തേക്കാണ് പോലിസ് പോയത്. രക്തം പുരണ്ട വസ്ത്രങ്ങളും മറ്റും ഈ ഭാഗത്താണ് ഉപേക്ഷിച്ചതെന്നാണ് പോലിസ് സംശയിക്കുന്നത്.

കൊലക്ക് ശേഷം കോഴിക്കോട് മാനാഞ്ചിറയില്‍നിന്നാണ് ഒരു ട്രോളി ബാഗ് വാങ്ങിയതെന്നും പോലിസ് പറഞ്ഞു. എന്നാല്‍, ഒരു ബാഗില്‍ മൃതദേഹം കയറുന്നില്ലെന്ന് കണ്ടപ്പോള്‍ പിറ്റേദിവസം ഒരു കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ശേഷം ബാത്ത് റൂമില്‍വച്ച് മൃതദേഹം കഷ്ണങ്ങളാക്കി രണ്ടു ബാഗിലുമാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഒരു സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയാണ്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. ചെന്നൈയില്‍ നിന്ന് അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും മലപ്പുറം എസ്പി പറഞ്ഞു. ഇക്കഴിഞ്ഞ മെയ് 18നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂര്‍ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ(58) കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് വല്ലപ്പുഴ സ്വദേശി ഷിബിലി(22), പെണ്‍സുഹൃത്ത് ഫര്‍ഹാന(18), ആഷിഖ് എന്നിവരെയാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it