Sub Lead

ഫലസ്തീനികള്‍ക്കെതിരായ സയണിസ്റ്റ് ഭീകരത തുറന്നുകാട്ടുന്ന പോസ്റ്റുകള്‍ നീക്കംചെയ്ത് സാമൂഹിക മാധ്യമങ്ങള്‍

ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടിക്കെതിരേ വിമര്‍ശനവുമായി നിരവധി ഉപയോക്താക്കളാണ് രംഗത്തുവന്നത്.

ഫലസ്തീനികള്‍ക്കെതിരായ സയണിസ്റ്റ് ഭീകരത തുറന്നുകാട്ടുന്ന പോസ്റ്റുകള്‍ നീക്കംചെയ്ത് സാമൂഹിക മാധ്യമങ്ങള്‍
X

അങ്കാറ: ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ സേന നടത്തുന്ന അധിനിവേശങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഭീകരതകള്‍ തുറന്നുകാട്ടുന്ന പോസ്റ്റുകളും ഹാഷ് ടാഗുകളും നീക്കംചെയ്ത് സാമൂഹികമാധ്യമങ്ങള്‍. ജറുസലേമിലും മസ്ജിദുല്‍ അഖ്‌സയിലും അടക്കം ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനായി ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്വിറ്ററും സെന്‍സര്‍ ചെയ്തിരിക്കുകയാണെന്ന് അല്‍ ജസീറ അടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഷെയ്ഖ് ജറയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടിക്കെതിരേ വിമര്‍ശനവുമായി നിരവധി ഉപയോക്താക്കളാണ് രംഗത്തുവന്നത്. ജെറുസലേം എന്ന ഹാഷ്ടാഗില്‍ ഇംഗ്ലീഷിലും അറബിയിലുമുള്ള പോസ്റ്റുകളും സെന്‍സര്‍ ചെയ്തിരിക്കുകയാണ്. ജറുസലേമിലെ ഷെയ്ഖ് ജറയുടെ സമീപത്തുനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്രൂരകൃത്യങ്ങള്‍ തുറന്നുകാട്ടുന്ന ഫലസ്തീന്‍ ഉള്ളടക്കത്തെ ട്വിറ്റര്‍ തടഞ്ഞിരിക്കുകയാണെന്ന് ന്യൂപ്രസ് റിപോര്‍ട്ട് ചെയ്തു.

ഇംഗ്ലീഷ് അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഫലസ്തീനില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ മുഴുവന്‍ ഹൈലൈറ്റുകളും ഇന്‍സ്റ്റഗ്രാം ഇല്ലാതാക്കിയെന്ന് മറ്റൊരു ഉപയോക്താവ് #SaveSheikhJarrah എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ കുറിച്ചു. ചില മനുഷ്യാവകാശപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ തടഞ്ഞതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ജെറുസലേമിനെച്ചൊല്ലി ഇസ്രായേലും ഫലസ്തീനികളും തമ്മില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ടതോടെ കുത്തിയിരിപ്പ് സമരം നടത്തി. ഏറ്റവും അവസാനം മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ മറ്റിടങ്ങളിലും ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 180ഓളം ഫലസ്തീനികള്‍ക്കാണ് പരിക്കേറ്റത്.

വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ ആയിരക്കണക്കിനു ഫലസ്തീനികളാണ് മസ്ജിദുല്‍ അഖ്‌സയില്‍ എത്തിയിരുന്നത്. ഇതില്‍ ചിലര്‍ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ ഇസ്രായേല്‍ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്.

Next Story

RELATED STORIES

Share it