Sub Lead

ഹമക്ക് മുകളില്‍ ബോംബിടാന്‍ വിസമ്മതിച്ചു; 43 വര്‍ഷത്തിന് ശേഷം റഗീദ് അല്‍ ത്വത്വരീക്ക് മോചനം

ജയില്‍ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2005 വരെ കുടുംബാംഗങ്ങളുടെ സന്ദര്‍ശനാനുമതിയും മരവിപ്പിച്ചു.

ഹമക്ക് മുകളില്‍ ബോംബിടാന്‍ വിസമ്മതിച്ചു; 43 വര്‍ഷത്തിന് ശേഷം റഗീദ് അല്‍ ത്വത്വരീക്ക് മോചനം
X

ദമസ്‌കസ്: സിറിയന്‍ നഗരമായ ഹമയ്ക്ക് മുകളില്‍ ബോംബിടാന്‍ വിസമ്മതിച്ചതിന് സിറിയന്‍ സര്‍ക്കാര്‍ തടവിലാക്കിയ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ റഗീദ് അല്‍ത്വത്വരിയെ 43 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. സിറിയയിലെ കുപ്രസിദ്ധമായ സയ്ദ്‌നായ ജയിലില്‍ നിന്നും വിമതസൈന്യമാണ് ഇയാളെ മോചിപ്പിച്ചത്. സിറിയന്‍ പ്രസിഡന്റായിരുന്ന ഹാഫിസ് അല്‍ അസദിന്റെ നിര്‍ദേശം ലംഘിച്ചതിനാണ് റഗീദ് അല്‍ ത്വത്വീരിയെ ജയിലില്‍ അടച്ചിരുന്നത്.

1954 ഡിസംബര്‍ 25ന് ദമസ്‌കസില്‍ ജനിച്ച റഗീദ് അല്‍ ത്വത്വരി 1972ല്‍ വ്യോമസേനാ കോളജില്‍ ചേര്‍ന്നു. 1975ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം വ്യോമസേനയില്‍ ചേര്‍ന്നു. 1976 മുതല്‍ ഹമ കേന്ദ്രമാക്കി മുസ്‌ലിം ബ്രദര്‍ഹുഡും മറ്റു സംഘടനകളും നടത്തുന്ന പ്രതിഷേധം സര്‍ക്കാരിന് തലവേദനയായി മാറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ അയച്ചു. ഇതിന്റെ ഭാഗമായാണ് ഹമ ഗവര്‍ണേറ്റില്‍ വ്യോമാക്രമണം നടത്താന്‍ സൈനിക മേധാവികള്‍ നിര്‍ദേശിച്ചത്.

എന്നാല്‍, റഗീഗ് അല്‍ ത്വത്വരിയും കമാന്‍ഡിങ് ഓഫീസറും അടക്കം നാലു പേര്‍ വിസമ്മതിച്ചു. കമാന്‍ഡിങ് ഓഫീസറും ഒരു പൈലറ്റും വിമാനവുമായി ജോര്‍ദാനില്‍ പോയി അഭയം തേടി. എന്നാല്‍, അല്‍ ത്വത്വരിയും മറ്റൊരു പൈലറ്റും വ്യോമസേനാ താവളത്തിലേക്ക് തന്നെ തിരികെ പോയി. കുറ്റം ചുമത്തി ജയിലില്‍ അടച്ചെങ്കിലും കമാന്‍ഡിങ് ഓഫീസര്‍ ജോര്‍ദാനില്‍ പോയതിനാല്‍ അല്‍ത്വത്വരിയെയും കൂട്ടുകാരനെയും വെറുതെവിട്ടു. എന്നാല്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.


ഇതിന് ശേഷം ജോലി തേടി ജോര്‍ദാനിലേക്ക് പോയെങ്കിലും എട്ടുമാസത്തിന് ശേഷം തിരികെ സിറിയയിലെത്തി. പിന്നീട് ഈജിപ്തില്‍ പോയി അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളി. ഇതേതുടര്‍ന്ന് സിറിയയില്‍ മടങ്ങിയെത്തിയ 1981 നവംബര്‍ 24നാണ് അല്‍ ത്വത്വരിയെ വീണ്ടും പിടികൂടിയത്. ജയില്‍ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2005 വരെ കുടുംബാംഗങ്ങളുടെ സന്ദര്‍ശനാനുമതിയും മരവിപ്പിച്ചു. 1981ന് ശേഷം ആദ്യമായി മകനെ കണ്ടത് 2005ലായിരുന്നു. ഇപ്പോള്‍ ജയില്‍ മോചിതനായ അല്‍ത്വത്വരി കുടുംബത്തിലേക്ക് പോയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.


ജയിലില്‍ കിടന്നപ്പോള്‍ വരച്ച ചിത്രം

സിറിയയിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ശക്തികേന്ദ്രമായിരുന്നു ഹമയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 1982 ഫെബ്രുവരിയില്‍ തുടങ്ങി ഒരു മാസത്തോളം നീണ്ടു നിന്ന സര്‍ക്കാര്‍ ഉപരോധത്തില്‍ ഏകദേശം 40,000 പേര്‍ അവിടെ മരിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ഹാഫിസ് അല്‍ അസദ് ഹമയുടെ കശാപ്പുകാരന്‍ എന്നറിയപ്പെട്ടു. ഹാഫിസ് അസദിന്റെ മകന്‍ ബശ്ശാറുല്‍ അസദ് ഭരിക്കുന്ന കാലത്താണ് ഹമ വിമതസൈന്യം മോചിപ്പിക്കുന്നത്. 2011ല്‍ സിറിയയില്‍ ആരംഭിച്ച അറബ് വസന്തത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്നു ഹമ.


1982 attack photo

Next Story

RELATED STORIES

Share it