Sub Lead

യുപിയില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ 'കണ്ടെത്തുന്നത്' തുടരുന്നു; അലീഗഡിലും 'പുതിയ ക്ഷേത്രം' കണ്ടെത്തി

യുപിയില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നത് തുടരുന്നു; അലീഗഡിലും പുതിയ ക്ഷേത്രം കണ്ടെത്തി
X

ലഖ്‌നോ: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്തരുതെന്ന സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെ യുപിയിലെ വിവിധ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്ഷേത്രങ്ങള്‍ 'കണ്ടെത്തി' ഹിന്ദുത്വര്‍. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം 46 വര്‍ഷം മുമ്പ് 'മുസ്‌ലിം ഭീതി' മൂലം പൂട്ടിയ ക്ഷേത്രം കണ്ടെത്തിയതിന് പിന്നാലെ അലീഗഡിലും ഹിന്ദുത്വര്‍ ഒരു ക്ഷേത്രം കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ ക്ഷേത്രം കണ്ടെത്തിയതെന്ന് ഓള്‍ ഇന്ത്യ കര്‍ണി സേന സംസ്ഥാന സെക്രട്ടറി ഗ്യാനേന്ദ്ര സിങ് ചൗഹാന്‍ പറഞ്ഞു.

തുടര്‍ന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും കര്‍ണി സേന പ്രവര്‍ത്തകരും ചേര്‍ന്ന് ക്ഷേത്രത്തില്‍ പൂജ തുടങ്ങി. പ്രദേശത്തെ മഹന്ത് യോഗി കൗശല്‍ നാഥ് ആണ് പൂജകള്‍ക്ക് നേതൃത്വം നല്‍കിയത്. ക്ഷേത്രത്തെ പൊതുദൃഷ്ടിയില്‍ നിന്ന് ഒളിച്ചുവക്കാന്‍ ശ്രമം നടന്നതായി ബജ്‌റംഗ് ദളും കര്‍ണിസേനയും ആരോപിച്ചു. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു. ക്ഷേത്രത്തിന് ചുറ്റും കനത്ത കാവലാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും ഭൂമി പ്രദേശവാസികള്‍ കൈയ്യേറിയെന്നും അലീഗഡ് മുന്‍ മേയറും ബിജെപി നേതാവുമായ ശകുന്തള ഭാരതി ആരോപിച്ചു.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് സമീപം ഹനുമാന്‍ ക്ഷേത്രം കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം വാരാണസിയിലെ മദന്‍പുരയില്‍ ഒരു ശിവക്ഷേത്രവും കണ്ടെത്തിയിരുന്നു. കഴിഞ്ഞ 250 വര്‍ഷമായി പ്രദേശത്തുണ്ടായിരുന്ന ക്ഷേത്രമാണ് പുതുതായി കണ്ടെത്തിയത്. ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നതിന്റെ ആവേശം നിറഞ്ഞ വാര്‍ത്തകളാണ് ഹിന്ദി പത്രങ്ങളില്‍ നിറയെ. ക്ഷേത്രങ്ങള്‍ തുറക്കുന്നതില്‍ പ്രദേശവാസികളായ മുസ്‌ലിംകള്‍ക്ക് വിയോജിപ്പില്ലെന്ന പരാമര്‍ശങ്ങളും വാര്‍ത്തകളില്‍ ചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it