Sub Lead

ഹജ്ജ്‌ 1441: ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി

ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാവുന്നതോടെ ഇവരെ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് കൊണ്ടുപോവും.

ഹജ്ജ്‌ 1441: ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലെത്തി
X

ആഷിക് ഒറ്റപ്പാലം മക്കയിൽ നിന്നും

ജിദ്ദ: ഇപ്രാവശ്യത്തെ ഹജ്ജിനായുള്ള ആദ്യ സംഘം ജിദ്ദയിലെത്തി. ഖസീമില്‍ നിന്നെത്തിയ ആദ്യ സംഘത്തെ ജിദ്ദ വിമാനത്താവളത്തില്‍ അധികൃതര്‍ സ്വീകരിച്ചു. പ്രഥമ സംഘത്തിന് അധികൃതര്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് മെഡിക്കല്‍ വാഹനത്തില്‍ ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാവുന്നതോടെ ഇവരെ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് കൊണ്ടുപോവും. ജൂലൈ 28 മുതല്‍ ആഗസ്ത് രണ്ടുവരെ നടക്കുന്ന ഹജ്ജ് കര്‍മത്തിനുള്ള തീര്‍ത്ഥാടകരില്‍ 70 ശതമാനം അവസരം സൗദിയിലുള്ള പ്രവാസികള്‍ക്കും ബാക്കി 30 ശതമാനം സൗദി പൗരന്‍മാര്‍ക്കുമായിരിക്കും. ഇക്കാര്യം സൗദി ഹജ്ജ്ഉംറ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.


സൗദി തീര്‍ഥാടകരില്‍ 30 ശതമാനം കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും. കൊറോണ വൈറസ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരശേഖരണം നടത്തിയാണ് ഇവരെ തിരഞ്ഞെടുക്കുക. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ആരോഗ്യ പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി സുഗമമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കാന്‍ വിവിധ പദ്ധതികളാണ് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഏറ്റവും ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടത്താന്‍ സൗദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ഹജ്ജ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


തീര്‍ത്ഥാടകരുടെയും ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും എല്ലാ പ്രതിരോധ നടപടികളും പാലിച്ചും ഹജ്ജ് സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മക്കയില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഹജ്ജ് വേളയില്‍ തീര്‍ത്ഥാടകര്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ പ്രോട്ടോക്കോളുകളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം കഅ്ബയിലെ ഹജറുല്‍ അസ് വദില്‍ ചുംബിക്കാനോ സ്പര്‍ശിക്കാനോ തീര്‍ത്ഥാടകരെ അനുവദിക്കില്ല.ഹജ്ജ് അനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് മുമ്പും ശേഷവും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച ക്വാറന്റൈന്‍ പാലിക്കണം.

Next Story

RELATED STORIES

Share it