Sub Lead

'മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകില്ല'; കെഎന്‍എ ഖാദറിന് പിന്തുണയുമായി ആര്‍എസ്എസ്

മുസ്‌ലിം ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകില്ല; കെഎന്‍എ ഖാദറിന് പിന്തുണയുമായി ആര്‍എസ്എസ്
X

കോഴിക്കോട്: ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലായ മുസ് ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് പിന്തുണയുമായി ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ. എന്‍ ആര്‍ മധു. 'കെഎന്‍എ ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലാണ്. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെഎന്‍എ ഖാദറിന് ഉണ്ടാകില്ല' എന്‍ ആര്‍ മധു പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ആര്‍എസ്എസ് നേതാവ്.

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍ ആര്‍ മധു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയാണ് കെഎന്‍എ ഖാദറെന്നും മധു പറഞ്ഞു.

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ മുസ് ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം സി മായിന്‍ ഹാജി പറഞ്ഞു.

ഇന്നലെ കോഴിക്കോട് കേസരിയില്‍ വച്ച് നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കെഎന്‍എ ഖാദര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെഎന്‍എ ഖാദര്‍ രംഗത്തെത്തി.

എന്നാല്‍ ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിയ എം കെ മുനീര്‍, പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് തുറന്നടിച്ചു.

കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ.ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നിലവില്‍ മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. ആര്‍എസ്എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെഎന്‍എ ഖാദറിന്റെയും പ്രസംഗം. ആ പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.

Next Story

RELATED STORIES

Share it