Sub Lead

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തുന്നില്ല: സുപ്രിംകോടതി

സ്ഥിതിഗതികള്‍ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്. അത് വരെ ക്ഷമിക്കണം.

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തുന്നില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തുന്നില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ശബരിമല ദര്‍ശനത്തിന് പോകുന്നതിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹരജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കനുകൂലമായി ഇപ്പോള്‍ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണിത്. ആത്യന്തികമായി നിങ്ങള്‍ക്കനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അക്രമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്‌സിങ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സ്ഥിതിഗതികള്‍ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്. അത് വരെ ക്ഷമിക്കണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിക്ക് സ്റ്റേയില്ലെന്ന ഇന്ദിരാ ജെയ്‌സിങിന്റെ വാദത്തെ അംഗീകരിക്കുന്നു.

ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇപ്പോള്‍ ഉത്തരവിടാനാവില്ല. ഇപ്പോള്‍ അതിനെ കുറിച്ച് തങ്ങള്‍ ഒന്നും പറയുന്നില്ല. ഞങ്ങള്‍ ഉടന്‍ തന്നെ ഏഴംഗ ബെഞ്ച് ചേരുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ നടത്തിക്കോളൂ. പ്രാര്‍ഥിച്ചോളൂ, തങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ഒരു ഉത്തരവും ഇറക്കാത്തതെന്നും സുപ്രിംകോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it